തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ വിജയ് സേതുപതി. ആരോപണങ്ങള്‍ നിഷേധിച്ച നടന്‍ തന്നെ ചെറുതായി അറിയാവുന്നവര്‍ പോലും ഇത് കേട്ടാല്‍ ചിരിക്കുമെന്ന് പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ ശ്രദ്ധ നേടാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും അല്‍പനേരത്തെ പ്രശസ്തി അവര്‍ ആസ്വദിക്കട്ടെയെന്നും ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു.
'എന്നെ ചെറുതായി അറിയുന്നവര്‍ പോലും ഇത് കേട്ടാല്‍ ചിരിക്കും. എനിക്ക് എന്നെ നന്നായി അറിയാം. ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണങ്ങള്‍ എന്നെ അസ്വസ്ഥനാക്കില്ല. എന്നാല്‍ എന്‍റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. അവരോട് ഞാന്‍ പറയും, ഇത് അങ്ങനങ്ങ് പോകട്ടെ, ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ആ സ്ത്രീ അങ്ങനെ ചെയ്യുന്നത്. അവര്‍ക്ക് ഏതാനും നിമിഷത്തേക്ക് മാത്രമുള്ള പ്രശസ്തി കിട്ടി. അവര്‍ അത് ആസ്വദിക്കട്ടെ,' വിജയ് നിലപാട് വ്യക്തമാക്കി.
തന്‍റെ അഭിഭാഷകന്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും സൈബര്‍ ക്രൈമില്‍ പരാതിപ്പെട്ടെന്നും താരം പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി പല വിധത്തിലുള്ള പ്രചാരണങ്ങള്‍ എന്നെ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. ഇതൊന്നും എന്നെ ബാധിക്കില്ല. പുതിയ സിനിമ തിയറ്ററുകളില്‍ നന്നായി ഓടുന്നുണ്ട്. അതില്‍ അസൂയയുള്ള ചിലര്‍ എന്നെ തേജോവധം ചെയ്യുന്നതിലൂടെ സിനിമയെ തകര്‍ക്കാം എന്ന് കരുതുന്നുണ്ടാവാം. എന്നാല്‍ അത് നടക്കില്ല. ഇന്നത്തെ കാലത്ത് ആര്‍ക്കും ആരെ പറ്റി വേണമെങ്കിലും എന്തും പറയാം. ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് മാത്രം മതി, പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ എന്ത് വേണമെങ്കിലും എഴുതാമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
കോളിവുഡിലെ ലഹരി, കാസ്റ്റിങ് കൗച്ച് സംസ്‌കാരം വെറും തമാശയല്ലെന്നും വിജയ് സേതുപതി കാരണം തനിക്കറിയാവുന്ന ഒരു പെണ്‍കുട്ടി ഇപ്പോള്‍ പുനരധിവാസ കേന്ദ്രത്തിലാണെന്നുമാണ് രമ്യ മോഹന്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പില്‍ ആരോപണം ഉന്നയിച്ചത്. വര്‍ഷങ്ങളോളം യുവതിയെ നടന്‍ ഉപയോഗിച്ചുവെന്നും ഇപ്പോള്‍ പുണ്യാളനായി അഭിനയിക്കുകയാണെന്നും യുവതി കുറിപ്പില്‍ പറഞ്ഞു.
അവൾ ഇപ്പോൾ റിഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഈ മേഖലയിൽ സാധാരണയാണ്. കാരവൻ ഫേവേഴ്സിന് വേണ്ടി വിജയ് സേതുപതി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഡ്രൈവിന് 50,000 രൂപയും. എന്നിട്ട് സോഷ്യൽ മീഡിയയിൽ പുണ്യാളനായി അഭിനയിക്കുന്നു. അയാൾ വർഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒരു കഥ മാത്രമല്ല. എന്നിട്ടും മാധ്യമങ്ങൾ ഇത്തരം പുരുഷന്മാരെ വിശുദ്ധന്മാരെ പോലെ ആരാധിക്കുന്നു. ഡ്രഗ്- സെക്സ് നെക്സസ് യാഥാർത്ഥ്യമാണ്. തമാശയല്ല എന്നും യുവതി കുറിച്ചു. സംഭവം വിവാദമായതോടെ പിന്നീട് കുറിപ്പ് പിന്‍വലിച്ചിരുന്നു.