നല്ല സിനിമ നല്ല നാളെ എന്ന ആപ്തവാക്യവുമായാണ് ഏറെ മുന്നൊരുക്കങ്ങള്‍ക്ക് ശേഷം സിനിമാ കോണ്‍ക്ലേവിന് ശനിയാഴ്ച തിരശീല ഉയരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ നയരൂപീകരണത്തില്‍ ഗുണപരമായ ഇടപെടല്‍ നടത്താന്‍ കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷ, ലിംഗനീതി, വേതന തുല്യത, തുടങ്ങിയ വിഷയങ്ങളും തീയറ്ററുകള്‍, ഇ ടിക്കറ്റിങ്, വിതണം, ഫിലിം ടൂറിസം തുടങ്ങിയവയും ഉള്‍പ്പടെ വിവിധ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍. നിയമസഭയുടെ സമുച്ചയത്തില്‍ ഉള്‍പ്പെട്ട കെ. ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ദ്വിദിന കോണ്‍ക്ലേവ് എന്ന സവിശേഷതയുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കുറ്റമറ്റരീതിയില്‍ സിനിമാ നയം രൂപീകരിക്കാന്‍ കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ
അടൂര്‍ ഗോപാലകൃഷ്ണന്‍, നടന്‍ മോഹന്‍ലാല്‍, ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി,എന്‍.എഫ്.ഡി.സി മാനേജിങ് ഡയറക്ടര്‍ പ്രകാശ് മഖ്ദും, സുഹാസിനി മണിരത്നം,,, രേവതി തുടങ്ങിയവര്‍ക്കു പുറമെ ജര്‍മനി, യു.കെ, പോളണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും വിവിധ സെഷനുകളില്‍ പങ്കെടുക്കും. കൂടുതല്‍ തയാറെടുപ്പുകള്‍ വേണ്ടിവന്നതിനാലാണ് കഴിഞ്ഞ നവംബറില്‍ സംഘടിപ്പിക്കാനിരുന്ന സിനിമ കോണ്‍ക്ലേവ് നീണ്ടുപോയത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്ന ഷാജി എന്‍. കരുണിന്റെ നേതൃത്വത്തില്‍ 2023 ജൂണില്‍ രൂപീകരിച്ച സമിതി സിനിമ–ടെലിവിഷന്‍ മേഖലയിലെ വിവിധ സംഘടനകളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് കോണ്‍ക്ലേവിന്റെ ഉള്ളടക്കം തീരുമാനിച്ചത്.