pravin-suresh-gopi

ഛത്തീസ്ഗഡിലെ ദുർഗിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് ജെഎസ്കെ സിനിമയുടെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. ഛത്തീസ്ഗഡിലേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ അയയ്ക്കാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം എടുത്ത ബിജെപി സിനിമയുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിഷയത്തിൽ പ്രതികരിക്കാത്തതിനെയാണ് സംവിധായകന്‍ ചോദ്യം ചെയ്​തത്. എന്നാണ് നിങ്ങളൊക്കെ തങ്ങളെ മനുഷ്യരായി കാണാൻ തുടങ്ങുന്നതെന്നും ദീപസ്തംഭം മഹാശ്ചര്യം  നമുക്കും വേണം പത്ത് വോട്ടെന്നും പ്രവീണ്‍ ഫേസ്​ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ഇക്കാര്യത്തിൽ ‘നിങ്ങളുടെ നായകനും ഉറങ്ങിപ്പോയി’ എന്നൊരു പ്രേക്ഷകന്റെ കമന്റിന് ‘ഈയിടെയായി ഉറക്കം സ്വൽപം കൂടുതലാണെന്നായിരുന്നു’ സുരേഷ് ഗോപിയെക്കുറിച്ചുള്ള സംവിധായകന്റെ മറുപടി.

'കേരള രാഷ്ട്രീയത്തിലെ ഇടത്തും വലത്തും ഉള്ള ആൾക്കാർ വിളിക്കുകയും ആശ്വസിപ്പിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്, ബിജെപി യുടെ സൈഡിൽ നിന്നും കുറ്റകരമായ മൗനം ഉണ്ടായത് എന്ത് കൊണ്ടാണ്? ആലോചിച്ച് ഉത്തരം കണ്ടെത്തുന്നതാരിക്കും നല്ലത്' എന്നും മറ്റൊരു കമന്‍റിന് പ്രവീണ്‍ ഉത്തരം നല്‍കി. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇരട്ടത്താപ്പിന്  മറ്റൊരു പേരുണ്ടെങ്കിൽ അതാണ്  ഭാരതീയ ജനതാ പാർട്ടി ഓഫ് കേരള, കന്യാസ്ത്രീകൾക്ക് നീതി നേടി കൊടുക്കുവാനായിട്ട് ഏതറ്റം വരെയും പോകും... കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ സംസ്ഥാന പ്രസിഡന്റിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്നും കന്യാസ്ത്രീ വിഷയത്തിൽ വന്ന പോസ്റ്റുകളുടെ എണ്ണം അഞ്ചോ അതിലേറെയോ ആണ്… 

നല്ലതാണ് സർ, ഈ കഴിഞ്ഞ മാസം ഞങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിഷയത്തിൽ, വിവാദം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റിനോട് ഈ വിഷയത്തിലെ അഭിപ്രായം ചോദിച്ചപ്പോൾ 

അങ്ങിനൊരു വിഷയം ഉണ്ടോ? ഞാൻ അറിഞ്ഞിട്ടില്ല..!!! പഠിച്ചിട്ട് പ്രതികരിക്കാം….!! പിന്നെ പറഞ്ഞു സിനിമയുടെ കാര്യത്തിൽ പാർട്ടി ഇടപെടുന്നത് ശരിയല്ലെന്ന്…!!

പാർട്ടിക്ക് കലാപരമായ കാര്യങ്ങളിൽ ഇടപെടാൻ പറ്റില്ല, പക്ഷേ മതത്തിന്റെ കാര്യത്തിൽ ഇടപെടാം… ഒരൊറ്റ മണിക്കൂർ കൊണ്ട് അനൂപ് ആന്റണിയെ ഛത്തീസ്ഗഡിലേക്ക് അയക്കാനും മാത്രം കേരള ബിജെപിയെ അൾത്താരയിൽ കുമ്പിട്ടിരുത്തുന്നത് എന്താണ് ? 

ഈ നാട്ടിൽ നടക്കുന്ന മുള്ളു മുരിക്കു കോടാലി വെക്കുന്ന സകല കാര്യങ്ങളിലും ഇടപെടുന്ന രാജ്യം ഭരിക്കുന്ന പാർട്ടി എന്തുകൊണ്ടാണ്  ജാനകി വി vs സെൻസർ ബോർഡ് വിഷയത്തിൽ നിന്നും മാറി നിന്നത് ? 

ഈ നാട്ടിൽ ജനിച്ചു പോയി എന്നൊരു തെറ്റ് കൊണ്ട് ജീവിക്കേണ്ടി വരുന്ന  ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ മനുഷ്യനായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു പോവുകയാണ് സർ, എന്നാണ് സർ നിങ്ങളൊക്കെ,  ഞങ്ങളെ മനുഷ്യരായി കാണാൻ തുടങ്ങുന്നത്… 

ദീപസ്തംഭം മഹാശ്ചര്യം  നമുക്കും വേണം പത്ത് വോട്ട്…..

JSK യിൽ അഡ്വ :ഡേവിഡ് ആബേൽ പറയുന്നത് പോലെ…. 

വോട്ട് ചെയ്യുന്ന ജനം എല്ലാം കാണുന്നുണ്ട്…. 

ENGLISH SUMMARY:

Film director Praveen Narayanan of JSK Cinema criticized the BJP over the arrest of nuns in Durg, Chhattisgarh. He questioned how the party could swiftly send a general secretary to Chhattisgarh but remain silent on issues related to the censor board and cinema. In a Facebook post, he remarked, "When will you start seeing us as humans?