സമൂഹമാധ്യമങ്ങളിലൂടെ തന്നെ നിരന്തരം വേട്ടയാടുന്ന സ്ത്രീയെ തുറന്നുകാട്ടി നിര്‍മാതാവ് സുപ്രിയ മേനോന്‍. ക്രിസ്റ്റിന എല്‍ദോ എന്ന യുവതിയുടെ ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം ഐഡി മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് സുപ്രിയ ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തനിക്കെതിരെ അധിക്ഷേപകരമായ കമന്‍റുകള്‍ ക്രിസ്റ്റീന വിവിധ അക്കൗണ്ടുകളില്‍ നിന്നായി പോസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് സുപ്രിയ പറയുന്നത്.
ഇവരുടെ ഫെയ്ക്ക് അക്കൗണ്ടുകള്‍ കണ്ടെത്തി ബ്ലോക്ക് ചെയ്യുന്നത് തന്‍റെ സ്ഥിരം പണിയാണെന്നും ചെറിയ ഒരു മകനുള്ളതിനാലാണ് ഇവര്‍ക്കെതിരെ നിയമപരമായി നീങ്ങാത്തതെന്നും സുപ്രിയ വ്യക്തമാക്കുന്നുണ്ട്. ഇവര്‍ ഇട്ടിരിക്കുന്ന ഫില്‍റ്റര്‍ പോലും അവർ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്നതുമായ വൃത്തികേടും മറയ്ക്കാൻ പര്യാപ്തമല്ലെന്നും സുപ്രിയ സ്റ്റോറിയില്‍ കുറിച്ചിട്ടുണ്ട്.
സുപ്രിയയുടെ വാക്കുകള്‍
‘ഇത് ക്രിസ്റ്റിന എൽദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിളെല്ലാം മോശമായ കമന്റിടുകയാണ് ഇവരുടെ പ്രധാന ജോലി. ഇവർ നിരന്തരം ഫെയ്ക്ക് അക്കൗണ്ടുകൾ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകൾ ഇടുകയും ഞാൻ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നത് ഒരു സ്ഥിരം പരിപാടിയാണ്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവർ ആരാണെന്ന് ഞാൻ കണ്ടെത്തിയിരുന്നു, പക്ഷേ അവർക്ക് ഒരു ചെറിയ മകനുള്ളതിനാൽ പ്രതികരിക്കേണ്ട എന്ന് കരുതി. ഇവർ ഇപ്പോൾ ഇട്ടിരിക്കുന്ന ഫിൽട്ടർ പോലും 2018 മുതൽ അവർ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്നതുമായ വൃത്തികേടും മറയ്ക്കാൻ പര്യാപ്തമല്ല.