വഞ്ചനാക്കേസ് നല്‍കിയ നിര്‍മാതാവിനെതിരെ നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ വഞ്ചനാകുറ്റം ചുമത്തി കേസെടുത്ത് പാലാരിവട്ടം പൊലീസ്. ആക്ഷന്‍ ഹീറോ ബിജു 2 വിന്‍റെ നിര്‍മാണാവകാശം തലയോലപ്പറമ്പ് സ്വദേശി പി.എസ്. ഷംനാസ് വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്തുവെന്ന നിവിന്‍റെ പരാതിയിലാണ് നടപടി. സമ്മതപത്രത്തില്‍ നിവിന്‍റെ വ്യാജ ഒപ്പിട്ട ശേഷം കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ സമര്‍പ്പിച്ച് ഷംനാസിന്‍റെ നിര്‍മാണ കമ്പനിയുടെ പേരില്‍ സിനിമ രജിസ്റ്റര്‍ ചെയ്തുവന്നാണ് നിവിന്‍റെ ആരോപണം. നിവിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പാലാരിവട്ടം പൊലീസ് ഷംനാസിനെതിരെ വഞ്ചനാകുറ്റത്തിന് പുറമെ വ്യാജ രേഖ ചമച്ചുവെന്ന കുറ്റവും ചുമത്തി. ഇതേ സിനമയുടെ വിദേശ വിതരണാവകാശം തന്‍റെ അറിവില്ലാതെ വിദേശകമ്പനിക്ക് നല്‍കിയെന്നാരോപിച്ചാണ് നിവിനും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ ഷംനാസ് പരാതി നല്‍കിയിരുന്നു. പരാതിയില്‍ മൊഴിയെടുക്കാന്‍ തലയോലപ്പറമ്പ് വിളിപ്പിച്ചതിന് പിന്നാലെയാണ് നിവിന്‍ ഷംനാസിനെതിരെ കൊച്ചിയില്‍ പരാതി നല്‍കിയത്.
ഷംനാസ് നല്‍കിയ പരാതിയില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിവിന് തലയോലപ്പറമ്പ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ഹാജരാക്കാനാണ് നിര്‍ദേശം. വഞ്ചനയിലൂടെ തന്നില്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഷംനാസിന്‍റെ പരാതി. കേസില്‍ നിവിന്‍ പോളി ഒന്നാം പ്രതിയും എബ്രിഡ് ഷൈന്‍ രണ്ടാം പ്രതിയുമാണ്.
എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഷംനാസ്. മഹാവീര്യര്‍ സിനിമയുടെ നിര്‍മാണത്തില്‍ 95 ലക്ഷത്തിലേറെ രൂപ തനിക്ക് നഷ്ടമുണ്ടായെന്നാണ് ഷംനാസിന്‍റെ അവകാശവാദം. ഈ നഷ്ടം അടുത്ത സിനിമയില്‍ നികത്താമെന്നും അടുത്ത ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനവും നല്‍കിയതായി ഷംനാസിന്‍റെ പരാതിയിലുണ്ട്. ഇതിന്‍റെ പേരില്‍ 1.90 കോടി രൂപ തന്നില്‍ നിന്ന് കൈപ്പറ്റിയെന്ന് ഷംനാസ് ആരോപിക്കുന്നു. 2023 മാര്‍ച്ചില്‍ നിര്‍മാണ കരാറില്‍ മൂവരും ഏര്‍പ്പെട്ടു. ഇതിന് പിന്നാലെ ഉടലെടുത്ത തര്‍ക്കമാണ് കേസുകളില്‍ എത്തി നല്‍ക്കുന്നത്.