സോ ലോങ് വാലി സിനിമയുടെ പ്രിമിയറിനിടെ തിയേറ്ററിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പ്രിമിയറിനിടെ മോഡലും നടിയുമായ രുചി ഗുജ്ജാര്‍ നിര്‍മാതാവ് കരണ്‍ സിങ്ങിനെ ചെരുപ്പൂരി തല്ലി. ഒപ്പം ആളുകളെ കൂട്ടി പ്രതിഷേധിച്ചാണ് രുചി തിയേറ്ററിലേക്ക് എത്തിയത്.
പുതിയ ടിവി പ്രൊജക്ടിന്‍റെ പേരില്‍ 23 ലക്ഷം രൂപ തട്ടിയെടുത്തു എന്നാരോപിച്ചാണ് രുചി ഗുജ്ജാര്‍ കരണ്‍ സിങ്ങിനെ തല്ലിയത്. എന്നാല്‍ ഈ പ്രൊജക്ട് നടക്കുകയോ മേടിച്ച പണം തനിക്ക് തിരികെ നല്‍കുകയോ ചെയ്തില്ലെന്ന് രുചി പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പണം തട്ടിയ കേസില്‍ കരണ്‍ സിങ്ങിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മുംബൈ പൊലീസ് അറിയിച്ചു. രുചിയെ ആക്രമിച്ചതിന് നിര്‍മാതാവിനെതിരെ മറ്റൊരു കേസ് കൂടി നല്‍കുമെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു.
അതേസമയം രുചിയുടേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ചിത്രത്തിന്‍റെ സംവിധായകനും സഹനിര്‍മാതാവും കൂടിയായ മാന്‍ സിങ് അരോപിച്ചു. സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാനായി രുചി കോടതിയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ സിനിമയുടെ റിലീസുമായി മുന്നോട്ട് പോകാനാണ് കോടതി പറഞ്ഞതെന്നും മാന്‍ സിങ് പറഞ്ഞു.