suresh-madhav

സുരേഷ് ഗോപിയും മകന്‍ മാധവ് സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിച്ച സിനിമയാണ് ജെഎസ്കെ. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ആണ് നായികയായത്. ഇപ്പോഴിതാ മാധവ് സുരേഷിന്റെ അഭിനയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവക്കുകയാണ് സുരേഷ് ഗോപി. ജെഎസ്കെയിലെ മാധവിന്റെ അഭിനയം ആദ്യം കണ്ടപ്പോൾ അത്ര തൃപ്തിയായില്ലെങ്കിലും വീണ്ടും കണ്ടപ്പോൾ കുഴപ്പമില്ലല്ലോ എന്ന് തോന്നിയെന്ന് സുരേഷ് ഗോപി പറഞ്ഞു. റേഡിയോ മാംഗോ നടത്തിയ സുരേഷ് ഗോപി ഫാൻസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.

‘‘എന്റെ മക്കൾക്ക് രണ്ടുപേർക്കും എന്റെ രണ്ടു സ്വഭാവമാണ്. ഗോകുൽ, ഡെന്നിസ് എന്ന കഥാപാത്രത്തിന്റെ ഏറ്റവും മികച്ച പ്രതിബിംബമാണ്. മറിച്ച് മാധവ് ‘പത്രം’ സിനിമയിലെ നന്ദഗോപൻ എന്ന കഥാപാത്രത്തിന്റെ ഏറ്റവും ടഫ് ആയ പ്രതിരൂപമാണ്. നന്ദഗോപന്റെ സങ്കീർണതകളും എല്ലാം ഉണ്ട്. പക്ഷേ അതിന്റെ തീക്ഷ്ണഭാവമാണ്. ‘ജെഎസ്കെ’യിൽ ഡബ്ബിങ്ങിന് കണ്ടപ്പോൾ അവന്റെ അഭിനയം എനിക്ക് അത്ര തൃപ്തി ഇല്ലായിരുന്നു. ഇന്ന് കണ്ടപ്പോൾ പക്ഷേ അവൻ കുഴപ്പം ഇല്ലല്ലോ എന്ന് തോന്നി.

ഒരൊറ്റ സീൻ മാത്രമേ എനിക്ക് മോശമായി തോന്നിയുള്ളൂ, അവൻ അതിൽ കണ്ണ് വല്ലാണ്ട് വച്ചിരിക്കുന്നു. എനിക്ക് തോന്നുന്നു അത് ആദ്യം എടുത്തതാണെന്ന്. ‘‘അപ്പോ ഈ സത്യമൊന്നും ജയിക്കുന്ന സ്ഥലമല്ലേ കോടതി?’’ എന്ന് ചോദിക്കുന്ന സീനിൽ കണ്ണ് ഇങ്ങനെ തുറിച്ചു പിടിച്ചിരിക്കുന്നു. അത് മാത്രമേ എനിക്ക് വല്ലാതെ തോന്നിയുള്ളൂ. പക്ഷേ മറ്റൊരു സീനിൽ ഒരു ആറ്റിറ്റ്യൂഡ് അവൻ ക്യാരി ചെയ്യുന്നുണ്ട്. ‘‘സാർ കാരണമല്ലേ ജാനകിക്ക് ഇങ്ങനെ വന്നത് അപ്പോ സാറിന് അതിനകത്ത് ഉത്തരവാദിത്വം ഇല്ലേ?’’ എന്ന് ചോദിച്ചിട്ട് ഇങ്ങനെ ആക്കിയ ഒരു നോട്ടമുണ്ട്.

‘‘ഈ മനുഷ്യനോട് സംസാരിച്ചിട്ട് കാര്യമില്ല’’ എന്ന രീതിയിൽ ഒരു ഭാവപ്രകടനം. പെട്ടെന്ന് ഇങ്ങന ഇറങ്ങി പോവുകയാണ്. അത് കണ്ടപ്പോൾ ഞാൻ ‘ഇന്നലെ’യിൽ ഫോട്ടോയും പഴ്സും എല്ലാം കൂടി മടക്കി ക്ലിപ്പ് ചെയ്തിട്ട് എഴുന്നേറ്റ് ‘‘സോറി സോറി ഫോർ ദ് ഡിസ്റ്റർബൻസ്’’ എന്ന് പറഞ്ഞിട്ട് ഇറങ്ങി പോകുന്നതുപോെല തോന്നി. അതുപോലെ ബാഗ് എടുത്ത് കറക്കിയെടുത്ത് തോളിൽ ഇട്ടിട്ട് ഒരൊറ്റ പോക്ക്.’’ സുരേഷ് ഗോപി പറഞ്ഞു.

ENGLISH SUMMARY:

Actor Suresh Gopi shared his opinion about Madhav Suresh’s performance in the film JSK. He said that although he was not fully satisfied with Madhav’s acting at first, on watching it again, he felt it was actually quite decent.