സൗബിന്‍ ഷാഹിര്‍ ‘കൂലി’ സിനിമയില്‍ തൂക്കിയെടുത്ത ‘മോണിക്കാ’ഗാനത്തിന് ചുവടുവച്ച് നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബും. സിനിമയില്‍ സൗബിന്‍–പൂജാ ഹെഗ്ഡേ ടീം തകര്‍ത്തുചെയ്ത അതേ എനര്‍ജിയോടെയാണ് ഈ യുവദമ്പതികളും ചുവടുവച്ചത്. ഈ പെര്‍ഫോമന്‍സ് പ്രേം തൂക്കിയെന്നാണ് ഭൂരിഭാഗം ഫോളോവേഴ്സിന്റേയും അഭിപ്രായം.
പ്രേമിന്റേയും സ്വാസികയുടേയും മോണിക്കാനൃത്തം സമൂഹമാധ്യമങ്ങളിലും തരംഗമാണ്. ശ്രദ്ധേയമാകുന്ന സിനിമാഗാനങ്ങള്‍ക്കൊക്കെ ചുവടുമായി സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുണ്ട് സ്വാസികയും പ്രേമും. മുന്‍പ് മോഹന്‍ലാല്‍ ചിത്രമായ ‘തുടരും’ചിത്രത്തിലെ ഗാനത്തിനും ഇരുവരും ചുവടുവച്ച് തരംഗമായിരുന്നു.
മോണിക്കാ നൃത്തം ചെക്കന്‍ തൂക്കിയെന്നാണ് കമന്റുകളേറെയും. ചേച്ചിക്കൊന്നും തോന്നരുത്, ഈ വിഡിയോ പ്രേമേട്ടന്‍ കൊണ്ടുപോയി, പുള്ളി ഈ വിഡിയോ കൊണ്ടുപോയി, അങ്ങനെ പല തരത്തിലാണ് രസകരമായ കമന്റുകള്‍. 2024 ജനുവരിയില്‍ വിവാഹിതരായ ഇരുവരും ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും വിവാഹം നടത്തി ആഘോഷമാക്കിയതും വാര്‍ത്തയായിരുന്നു.
‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ സ്വാസിക 2010ൽ ‘ഫിഡിൽ’ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ആ വർഷം തന്നെ ‘ഗോരിപാളയം’ എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചതുരം’ എന്നിവയാണ് സ്വാസികയുടെ ശ്രദ്ധേയമായ മലയാള സിനിമകളിൽ ചിലത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘വാസന്തി’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.