താരസംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പിൽ ലൈംഗികപീഡന കേസിൽ ആരോപണവിധേയനായ നടൻ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. ബാബുരാജ് പത്രിക സമർപ്പിച്ചു കഴിഞ്ഞു. മുൻ ഭരണസമിതി അംഗമായ ജയൻ ചേർത്തല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കും. ആരോപണവിധേയർക്ക് രാഷ്ട്രീയത്തിൽ മത്സരിക്കാമെങ്കിൽ സിനിമയിലും ആകാം എന്ന് നടി അൻസിബ പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ശ്വേതാ മേനോൻ, രവീന്ദ്രൻ എന്നിവർ പത്രിക നൽകിയിട്ടുണ്ട്. മോഹൻലാൽ പ്രസിഡന്റായിരുന്ന കഴിഞ്ഞ ഭരണസമിതി 2024 ജൂണിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ, ഓഗസ്റ്റിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ലൈംഗിക ആരോപണങ്ങൾ ഉയർന്നതോടെ 'അമ്മ' സംഘടനയ്ക്കുള്ളിൽ വലിയ പ്രശ്നങ്ങളുണ്ടായി. ഈ ആരോപണങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാൽ പ്രസിഡന്റായിട്ടുള്ള ഭരണസമിതി അന്ന് രാജിവെച്ചത്. 'അമ്മ'യുടെ 31 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കാലാവധി പൂർത്തിയാക്കാതെ രാജിവെക്കുകയും അതിനുശേഷം ഒരു തിരഞ്ഞെടുപ്പ് വേണ്ടിവരുന്ന സാഹചര്യമുണ്ടായതും. നേരത്തെ, ഈ ആരോപണം ഉന്നയിക്കപ്പെട്ട ഭരണസമിതിയുടെ പ്രസിഡന്റായിരുന്നതിനാൽ താൻ ഇത്തവണ മത്സരിക്കുന്നില്ലെന്ന് മോഹൻലാൽ ജനറൽ ബോഡിയിൽ വ്യക്തമാക്കിയിരുന്നു.
'അമ്മ'യുടെ ഏറ്റവും ശക്തമായ സ്ഥാനങ്ങളിലൊന്നാണ് ജനറൽ സെക്രട്ടറി സ്ഥാനം. സംഘടനയുടെ ഭരണകാര്യങ്ങൾ നിർവഹിക്കേണ്ടത് ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ആളാണ്. ഈ സ്ഥാനത്തേക്കാണ് ഇപ്പോൾ നേരത്തെ ആരോപണവിധേയനായിട്ടുള്ള ബാബുരാജ് പത്രിക നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം സിദ്ദിഖ് ആയിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ട് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉയരുകയും അത് കേസിലേക്ക് നീങ്ങുകയും ചെയ്തു. തുടർന്ന് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. അതിനുശേഷം ആ ജനറൽ സെക്രട്ടറിയുടെ പദവി കൈകാര്യം ചെയ്തിരുന്നത് ജോയിന്റ് സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന ബാബുരാജായിരുന്നു.
ബാബുരാജിന് പുറമെ ജയൻ ചേർത്തലക്കെതിരെയും നേരത്തെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് പരാതികൾ നിലവിലുണ്ടായിരുന്നില്ല. ഇന്ന് (ജൂലൈ 24) വൈകിട്ട് നാലുമണിവരെയായിരുന്നു 'അമ്മ' തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.