വിദേശത്ത് നടന്ന ഫാഷന്‍ ഷോയിലെ വിവാദ ചോദ്യങ്ങളുടെ പേരില്‍ എയറിലായിരിക്കുകയാണ് ശോഭ വിശ്വനാഥ്. മഞ്ജു വാരിയറിനെയാണോ കാവ്യാ മാധവനെയാണോ ഇഷ്ടം എന്നായിരുന്നു ശോഭ വിശ്വനാഥും ലക്ഷ്മി നക്ഷത്രയും വിധികര്‍ത്താക്കളായ മല്‍സരത്തില്‍ മല്‍സരാര്‍ഥിയോട് ചോദിച്ച ചോദ്യം. അടുത്ത ചോദ്യം ദിലീപിനെയാണോ പള്‍സര്‍ സുനിയെ ആണോ ഇഷ്ടം എന്നാവും എന്നാണ് താന്‍ വിചാരിച്ചതെന്നാണ് ധ്യാന്‍ പരിഹസിച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശോഭ വിശ്വനാഥ്.
ഫാഷന്‍ ഷോയിലെ ചോദ്യങ്ങള്‍ നേരത്തെ തയ്യാറാക്കിയവയാണ്. വിവാദം ഉണ്ടാക്കുന്ന ചോദ്യങ്ങളാണെന്ന് സംഘാടകരോട് പറഞ്ഞതാണ്. എന്നാല്‍ മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആ ചോദ്യം ഉള്‍പ്പെടുത്തി. പൈസ തന്നാല്‍ എന്തും ചോദിക്കുമോ എന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അഞ്ചിന്‍റെ പൈസ വാങ്ങാതെയാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ചാരിറ്റി ഇവന്‍റായിരുന്നുവെന്നാണ് ശോഭ വിശ്വനാഥ് പറയുന്നത്.
പബ്ലിസിറ്റിയ്ക്ക് വേണ്ടി ഞങ്ങളുടെ മുഖത്ത് കരി വാരിതേക്കുകയാണ്. ഞങ്ങളെ തലയില്‍ കൊണ്ടിട്ടത് ശരിയായില്ലെന്ന് സംഘാടകരോട് പറഞ്ഞിട്ടുണ്ടെന്നും ശോഭ പറയുന്നു. തന്‍റെ വിയോജിപ്പിച്ച് അറിയിച്ചുവെന്നും മറ്റുള്ളവരുടെ കാര്യം അറിയില്ലെന്നും ശോഭ പറയുന്നു. അതേസമയം മഞ്ജു വാര്യരും കാവ്യ മാധവനും ശക്തരായ രണ്ട് സ്ത്രീകളാണ്. രണ്ടു പേരും ജീവിതത്തില്‍ ശക്തമായ തീരുമാനങ്ങളെടുത്തവരാണെന്നും ശോഭ പ്രതികരിച്ചു.
പള്‍സര്‍ സുനിയെയോ ഇരയേയോ വച്ച് താരതമ്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ശോഭ പറയുന്നു. വളരെ സെന്‍സിറ്റീവായ വിഷയമാണിതെന്നും തനിക്കത് വിഷമമുണ്ടാക്കിയെന്നും ശോഭ വിശ്വനാഥ് പറഞ്ഞു. ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം വിഷമമുണ്ടാക്കിയെന്നും ശോഭ വ്യക്തമാക്കി. ധ്യാനിനെ താന്‍ സഹോദരെ പോലെയാണ് കണ്ടത്. അങ്ങനൊരു സഹോദരനില്‍ നിന്നും പബ്ലിസിറ്റിയ്ക്ക് വേണ്ടി തങ്ങളെ മോശക്കാരാക്കിയത് വിഷമമുണ്ടാക്കിയെന്നാണ് ശോഭ പറയുന്നത്.