വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപി ചിത്രം ജെഎസ്​കെ ഇന്ന് തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ ആയി എത്തിയ ചിത്രത്തില്‍ അഭിഭിഷകനായാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. ഒരു ഇടവേളയ്​ക്ക് ശേഷം നടി അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ജെഎസ്​കെ. സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

ചിത്രം കാണാന്‍ കുടുംബത്തോടൊപ്പം സുരേഷ് ഗോപി തൃശൂരിലെ രാഗം തിയറ്ററിലെത്തിയിരുന്നു. മകനും നടനുമായ ഗോകുല്‍ സുരേഷിനൊപ്പമാണ് താരം സിനിമ കാണാനെത്തിയത്. ചിത്രം കഴിഞ്ഞതിനുശേഷം ഗോകുലിനോട് ചിത്രത്തെ പറ്റി അഭിപ്രായം തേടി ഓണ്‍ലൈന്‍ മീഡിയകള്‍ പോയിരുന്നു. എന്നാല്‍ ഇവരോട് പ്രതികരിക്കാന്‍ ഗോകുല്‍ തയാറായില്ല. വീണ്ടും ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ പാപ്പരാസിക്ക് മറുപടി കൊടുക്കാറില്ലന്നാണ് ഗോകുല്‍ പറഞ്ഞത്. ടാഗുള്ള മീഡിയക്ക് മറുപടി കൊടുക്കാം. നിങ്ങള്‍ കണ്ടന്‍റ് വളച്ചൊടിക്കുന്ന ടീമാണ്. നിങ്ങള്‍ കണ്ടന്‍റ് വില്‍ക്കുമല്ലോ, അവരതിനെ വളച്ചൊടിക്കും. അവര്‍ പത്ത് ഹെഡ്ലൈനിട്ട് വിടുമെന്നും ഗോകുല്‍ പറഞ്ഞു. 

മറ്റൊരു വിഡിയോയില്‍ തന്‍റെ സഹോദരനും അച്ഛനും അഭിനയിച്ച പടത്തെ കുറിച്ച്  അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ എന്നും ഗോകുല്‍ പറയുന്നുണ്ട്. 'ക്രഡിബിളായ ആരെങ്കിലും മറുപടി പറയുന്നതാവും നല്ലത്. എന്‍റെ അച്ഛനും അനിയനുമൊക്കെ അഭിനയിച്ച പടത്തിന് ഞാന്‍ അഭിപ്രായം പറയാതിരിക്കുന്നതല്ലേ മാന്യത. ഏത് വാക്കാണ് വളച്ചൊടിക്കുക എന്ന് അറിയില്ല .അതിനാല്‍ പ്രതികരിക്കാന്‍ മടിയാണ്,' ഗോകുല്‍ പറഞ്ഞു. 

സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായാണ് ജെ എസ് കെ. യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ

ENGLISH SUMMARY:

After much controversy, the Suresh Gopi film JSK was released in theatres today. Following the screening, online media approached Gokul for his reaction to the film. However, Gokul refused to comment. When asked again, he replied bluntly, "I don’t respond to paparazzi."