TOPICS COVERED

പാ രഞ്ജിത്ത് സംവിധാനത്തിൽ ആര്യ നായകനായെത്തുന്ന സിനിമയുടെ ഷൂട്ടിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. കാര്‍ ചേസ് ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വായുവിലേക്ക് ഉയര്‍ന്നുപൊങ്ങിയ കാര്‍ തലകുത്തിമറിഞ്ഞാണ് വീണത്. റാമ്പിലേക്ക് കയറിയ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഉടന്‍ തന്നെ രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

നടന്‍ വിശാലാണ് മരണവിവരം പുറത്തുവിട്ടത്. വർഷങ്ങളായി നിരവധി പ്രോജക്ടുകളിൽ രാജുവിനൊപ്പം സഹകരിച്ചിട്ടുള്ള വിശാൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചത്.‌‌‌

'ഇന്ന് രാവിലെ രഞ്ജിത്തിന്റെ സിനിമയിൽ കാർ മറിഞ്ഞു വീഴുന്ന രംഗം ചെയ്യുന്നതിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു എന്ന വസ്തുത ഉൾക്കൊള്ളാൻ പ്രയാസമാണ്. വർഷങ്ങളായി രാജുവിനെ അറിയാം, എന്റെ സിനിമകളിൽ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകൾ ചെയ്തിട്ടുണ്ട്, കാരണം അദ്ദേഹം വളരെ ധീരനായ വ്യക്തിയാണ്. എന്റെ അഗാധമായ അനുശോചനങ്ങൾ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,' വിശാൽ കുറിച്ചു.

അതിസാഹസികമായ സ്റ്റണ്ട് രംഗങ്ങളിലൂടെ തമിഴ് സിനിമയില്‍ പ്രസിദ്ധനായ കലാകരനായിരുന്നു രാജു. അനുശോചനം അറിയിച്ച് സിനിമയിലെ വിവിധ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും രംഗത്തെത്തി. ആര്യയോ പാ രഞ്ജിത്തോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചില്ല. 2021ല്‍ പുറത്തുവന്ന തമിഴ് സിനിമ സാര്‍പാട്ട പരമ്പരൈയുടെ സീക്വല്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 

ENGLISH SUMMARY:

During the shoot of a film directed by Pa. Ranjith and starring Arya, stunt artist Raju tragically passed away in an accident. The mishap occurred during a car chase sequence when the vehicle lost control while ramping, flipped in the air, and crashed headfirst.