മണിരത്നം ചിത്രങ്ങളില്‍ മുന്‍നിരയിലാണ് മൗനരാഗത്തിന്‍റെ സ്ഥാനം. 1983ല്‍ പുറത്തുവന്ന ചിത്രത്തില്‍ രേവതി, കാര്‍ത്തിക്, മോഹന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായത്. അന്നത്തെ കാലത്ത് വന്ന ഒരു ചിത്രത്തിലെ ബോള്‍ഡായ നായികകഥാപാത്രമായ ദിവ്യ ഇന്നും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.
സിനിമയിലെ നായകകഥാപാത്രമായ മോഹനെ പറ്റി സംസാരിക്കുകയാണ് രേവതി. ആ കഥാപാത്രം ഒരു റെഡ്ഫ്ളാഗായിരുന്നുവെന്ന് ഇന്നാണ് മനസിലാക്കിയതെന്ന് രേവതി പറഞ്ഞു. എങ്കിലും താന്‍ അത്ര വലിയ തെറ്റുകള്‍ കാണുന്നില്ലെന്നും അന്നത്തെ തലമുറയില്‍ നിന്നുമുള്ള ആളായതുകൊണ്ടാവാമെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു.
'ഡബ്ല്യുസിസിയില്‍ സംസാരിക്കുമ്പോള്‍ അവര്‍ നേരിടുന്ന ചില ദുരനുഭവങ്ങളെ പറ്റി സംസാരിച്ചു. അതെല്ലാം ഞാനും നേരിട്ടിട്ടുള്ളതാണ്. എന്നാല്‍ അന്നത്തെ പ്രായത്തില്‍ അത് തിരിച്ചറിയാനായില്ല. ചില സമയത്ത് ചിലര്‍ അറിയാതെ അവിടെയും ഇവിടെയും തട്ടുന്നത് മനപ്പൂര്‍വം ചെയ്യുന്നതായിരുന്നു.
ഇതെല്ലാം ഇന്നത്തെ തലമുറയ്ക്ക് മനസിലാവുന്നുണ്ട്. അവരില്‍ നിന്നും ഞാന്‍ പഠിയ്ക്കുന്നുണ്ട്. എന്താണ് ശരി എന്താണ് തെറ്റ് എന്ന് അവര്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അതിലൂടെയാണ് മൗനരാഗത്തിലെ നായക കഥാപാത്രം ഒരു റെഡ് ഫ്ളാഗാണെന്ന് മനസിലാക്കിയത്. മോഹന്‍റെ കഥാപാത്രം എന്‍റെ കഥാപാത്രത്തെ നല്ലൊരു ഭാര്യയാക്കി കാണിക്കാം എന്ന് പറയുന്ന ഡയലോഗില്‍ പ്രശ്നമുണ്ടെന്ന് ഇന്നാണ് മനസിലാക്കിയത്.
മൗനരാഗം ഇന്നാണ് ചിത്രീകരിക്കുന്നതെങ്കില്‍ അത് മറ്റൊരു രീതിയിലാവുമായിരുന്നു. അന്ന് മോഹന്‍ പറഞ്ഞ ഡയലോഗ് ക്യൂട്ടായിരുന്നു. ഇന്ന് അങ്ങനെയല്ല. 'പെണ്ണ് കാണാന്‍ വരുന്നത് ചന്തയില്‍ മാടിനെ നോക്കാന്‍ വരുന്നത് പോലെയാണെ'ന്നാണ് എന്‍റെ കഥാപാത്രം പറഞ്ഞത്. ആ ഡയലോഗ് കേട്ട് ചിരിച്ചിട്ട് മോഹന്‍ പറയുന്നത് 'എനിക്ക് നിന്നെ ഇഷ്ടമാണെന്നാ'ണ്. മോഹന്‍ ഒരു നല്ല മനുഷ്യനാണ്. അവള്‍ ആ ഡയലോഗ് പറയുമ്പോഴാണ് മോഹന് അവളോട് ഇഷ്ടം തോന്നുന്നത്. എന്നാല്‍ അവളുടെ ഫ്ളാഷ്ബാക്ക് അറിയുമ്പോള്‍ അത് മനസിലാക്കി നിന്‍റെ വഴിക്ക് പോയ്ക്കോള്ളാനും പറയുന്നു. അതുകൊണ്ട് മോഹന്‍ അത്ര വലിയ റെഡ് ഫ്ളാഗായി എനിക്ക് തോന്നിയിട്ടില്ല. ചിലപ്പോള്‍ ഞാന്‍ ആ തലമുറയില്‍ നിന്നുമുള്ളയാളായതുകൊണ്ടാവാം,' രേവതി പറഞ്ഞു.