ആരാധന മൂത്ത് പലപ്പോഴും സാഹചര്യം മറക്കുന്ന ആരാധകരെ നാം കാണാറുള്ളതാണ്. മരണവീടുകളില്‍ പോലും സെല്‍ഫിക്കായി സെലിബ്രിറ്റികളുടെ പിന്നാലെ പായുന്ന ആരാധകര്‍ പരിഹാസത്തിനും വിമര്‍ശനങ്ങള്‍ക്കും പാത്രമാവാറുണ്ട്. അത്തരമൊരു ദൃശ്യം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
തെലുങ്ക് ചലച്ചിത്ര നടനും ബിജെപി മുൻഎംഎൽഎയുമായ കോട്ട ശ്രീനിവാസ റാവുവിന്‍റെ നിര്യാണത്തില്‍ സിനിമലോകമാകെ ദുഖപൂര്‍ണമായിരുന്നു. തെലുങ്ക് സിനിമാലോകമാകെ അനുശോചനങ്ങളുമായി ശ്രീനിവാസ റാവുവിന്‍റെ വീട്ടിലേക്ക് ഒഴുകി. ഇതിനിടയ്ക്കാണ് അനവസരത്തില്‍ ഒരു ആരാധകര്‍ സെല്‍ഫിക്ക് തുനിഞ്ഞത്.
സംവിധായകന്‍ രാജമൗലിയുടെ ചിത്രമെടുക്കാനാണ് ആരാധകന്‍ ശ്രമിച്ചത്. കോട്ട ശ്രീനിവാസ റാവുവിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങിവരവേയാണ് ഒരു ആരാധകന്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഒഴിഞ്ഞുമാറി പോവാന്‍ ശ്രമിച്ച രാജമൗലിയെ ഇയാള്‍ വീണ്ടും പിന്തുടര്‍ന്നു. പിന്നേയും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ രാജമൗലി ആരാധകനോട് ദേഷ്യപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാണ്. പിന്നാലെ ആരാധകനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മരണവീടാണെന്ന് ഓര്‍ക്കണമെന്നും കുറച്ച് ഒൗചിത്യബോധം കാണിക്കണമെന്നും പലരും കമന്‍റ് ചെയ്തു.