ഏറെ വിവാദങ്ങൾക്ക് ശേഷം 'ജെ.എസ്.കെ' എന്ന ചിത്രം ഈ മാസം 17-ന് റിലീസിനെത്തുന്നു. 'ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള' എന്ന പേരിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരം ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.
സെൻസറിങ് നടപടികൾ പൂർത്തിയാക്കി U/A 16 സർട്ടിഫിക്കറ്റോടുകൂടിയാണ് ജെ.എസ്.കെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിലിൽ 'ജാനകി' എന്നത് 'ജാനകി വി.' എന്ന് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. ഇതിനുപുറമെ, ഇടവേളയ്ക്ക് മുൻപുള്ള പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണത്തിലെ രണ്ടരമിനിറ്റ് നീളുന്ന ഭാഗത്ത് ഏഴിടത്ത് 'ജാനകി' എന്ന പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ജെ.എസ്.കെ സെൻസറിങ് കേസ് ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. മ്യൂട്ട് ചെയ്ത ഭാഗങ്ങൾ സിനിമയെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടുനോക്കിയാലേ പറയാനാകൂവെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു.