കലാമണ്ഡലം സത്യഭാമയെ അറിയാത്ത മലയാളികള്‍ അധികമുണ്ടാവില്ല. നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്‌ണനെ അപമാനിച്ചതും തുടര്‍ന്ന് സംഭവിച്ച കാര്യങ്ങളും കേരളം കണ്ടതാണ്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം.
ഇതിന് പിന്നാലെ വിവദത്തിലായ സത്യഭാമ ഡ്യൂപ്ലിക്കേറ്റ് സത്യഭാമയാണെന്നും പലരും കരുതുന്ന കലാമണ്ഡലം സത്യഭാമ ടീച്ചർ മറ്റെരാളാണെന്നും നടി മല്ലിക സുകുമാരന്‍ അന്ന് പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് സത്യഭാമ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്. ഡ്യൂപ്ലിക്കേറ്റാണെന്ന് പറയാൻ എന്ത് യോഗ്യതയാണ് മല്ലിക സുകുമാരനുള്ളതെന്നും എന്നാടീ ആ പെണ്ണുംപിള്ളയ്ക്ക് കാറൊക്കെ ഉണ്ടായതെന്നും സത്യഭാമ ചോദിച്ചിരുന്നു. ഇതിന്‍റെ പേരിലും സത്യഭാമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടത്തി ഫെയ്സ്ബുക്ക് ലൈവില്‍ സത്യഭാമ ഒട്ടും കുറച്ചില്ല. വിമര്‍ശിച്ച ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞാണ് തിരിച്ചടി. ‘എന്നെ അറിയാത്ത വിപിന്‍ എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. എന്നെക്കുറിച്ച് മല്ലിക സുകുമാരന്‍ ഒരു കാര്യം പറഞ്ഞു. ഞാന്‍ തിരിച്ച് പറഞ്ഞു. വിപിനാണെങ്കിലും തിരിച്ച് പറയില്ലേ. അതുപോലെയെ ഞാനും പറഞ്ഞുള്ളു. എനിക്ക് അവരുടെ മേഖലയുമായി യാതൊരു ബന്ധവും ഇല്ല. അവസാനം എനിക്ക് അവരോട് ഫൈറ്റ് ചെയ്യേണ്ടി വന്നു. വിപിന്‍ ബാബു... നീ ഏത് ‘കോ.....ലെ’ ഡോക്ടറാണ്? നീ വ്യാജ ഡോക്ടർ അല്ലേ. നീ മല്ലിക സുകുമാരന്റെ ആരാണ്. നീ നേരിട്ട് വാടാ...' ഇങ്ങനെ പോകുന്നു തനിക്കെതിരെ കമന്റ് ഇട്ട വിപിന്‍ എന്നയാളോട് സത്യഭാമയുടെ വാക്കുകള്‍.
‘എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നുവെച്ച് എന്ത് തെണ്ടിത്തരവും പറയാനുള്ള സ്വാതന്ത്ര്യമാണോ അത്? നീ വർക്ക് ചെയ്യുന്ന ആശുപത്രിയില്‍ ഞാന്‍ എത്തും. നിന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത് കാണണോ? നീ നിന്റെ തള്ളയുടേയും ഭാര്യയുടേയും മക്കളുടേയുമൊക്കെ കാര്യം നോക്ക്’ സത്യഭാമ പറഞ്ഞു.
പുതിയ ലൈവിനെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. നേരത്തെ പുരുഷനാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കിൽ സൗന്ദര്യമുള്ള പുരുഷനായിരിക്കണം, ചിലരുണ്ട്, കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റ തള്ള പോലും സഹിക്കില്ല തുടങ്ങി സത്യഭാമ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണൻ പരാതി നൽകിയിരുന്നു. പ്രസ്താവന വിവാദമായിട്ടും ഇത് പിൻവലിക്കാൻ സത്യഭാമ തയാറായില്ല.