ilayaraja

TOPICS COVERED

പഴയ പാട്ടുകള്‍ പുതിയ സിനിമകളില്‍ റീമേക്ക് ചെയ്ത് അവതരിപ്പിച്ച് വീണ്ടും ഹിറ്റടിക്കുന്ന ട്രെന്‍ഡ് കുറച്ച് കാലങ്ങളായി വ്യാപകമാണ്. തെന്നിന്ത്യന്‍ സിനിമകളിലാണ് ഈ പ്രവണത കൂടുതലായും കണ്ട് വരുന്നത്, പ്രത്യേകിച്ച് തമിഴ് സിനിമകളില്‍. അതേസമയം ഈ പ്രവണതയ്ക്കെതിരെ ഏറ്റവുമധികം എതിര്‍പ്പുയരുന്നതും തമിഴില്‍ നിന്നു തന്നെ. സംഗീത സംവിധായകന്‍ ഇളയരാജയാണ് തന്‍റെ പാട്ട് എടുക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കാറുള്ളത്. 

ഇപ്പോഴിതാ അത്തരമൊരു വിവാദവുമായി ഇളയരാജ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.  ‘മിസ്സിസ് ആൻഡ് മിസ്റ്റർ’ എന്ന തമിഴ് ചിത്രത്തിൽ തന്‍റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നുകാണിച്ചാണ് ഇത്തവണ ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വെള്ളിയാഴ്ച ഇറങ്ങിയ സിനിമയിൽനിന്ന് പാട്ട് നീക്കണം എന്നാണ് ആവശ്യം.

നടി വനിതാ വിജയകുമാറാണ് 'മിസ്സിസ് ആൻഡ് മിസ്റ്ററി'ന്റെ സംവിധായിക. കമൽഹാസൻ നാലുവേഷത്തിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ‘മൈക്കിൾ മദന കാമ രാജൻ’ എന്ന സിനിമയിലെ ‘ശിവരാത്രി’ എന്ന ഗാനമാണ് ചിത്രത്തില്‍ ഉപയോഗിച്ചത്. അനുമതി വാങ്ങാതെ വികൃതമാക്കിയാണ് തന്റെ ഗാനം ഇതിലുപയോഗിച്ചതെന്ന് ഹർജിയിൽ പറയുന്നു.

താൻ സംഗീതം നൽകിയ ഗാനം അനുവാദംകൂടാതെ ഉപയോഗിച്ചെന്നുകാണിച്ച് ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഉൾപ്പെടെയുള്ള സിനിമകൾക്കെതിരേ ഇളയരാജ നിയമനടപടി സ്വീകരിച്ചത് മുന്‍പ് ചര്‍ച്ചയായിരുന്നു.

ENGLISH SUMMARY:

Music maestro Ilaiyaraaja has once again approached the Madras High Court, this time over unauthorized use of his song in the Tamil film Misses and Mister. The film, which was released on Friday, allegedly features one of his songs without proper permission. Ilaiyaraaja has filed a petition demanding the removal of the song from the movie.