'ദംഗല്‍' സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഫാത്തിമ സന ഷെയ്ഖ്. റസ്ലര് ഗീത ഫോഗട്ടിനെ അവതരിപ്പിച്ച ഫാത്തിമയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. 'തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍റെ നായികയായും താരം എത്തിയിരുന്നു. ഇപ്പോള്‍ പൊതുസ്ഥലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് ഫാത്തിമ. മോശമായി സ്പര്‍ശിച്ചയാളെ താന്‍ അടിച്ചുവെന്നും എന്നാല്‍ അയാള്‍ താന്‍ നിലത്ത് വീഴുന്നിടത്തോളം തന്നെ തിരിച്ചടിച്ചുവെന്നും ഫാത്തിമ പറഞ്ഞു. 'ഹൗട്ടര്‍ഫ്ലൈ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാത്തിമ അനുഭവം പങ്കുവച്ചത്.
'ഒരാൾ എന്നെ അനുചിതമായി സ്പർശിച്ചു. ഞാൻ അവനെ അടിച്ചു. പക്ഷേ അവൻ എന്നെ ശക്തമായി തിരിച്ചടിച്ചു, ഞാൻ പൂർണമായും തളർന്നുപോയി. അവൻ എന്നെ സ്പർശിച്ചതുകൊണ്ടാണ് ഞാൻ അവനെ അടിച്ചത്. പക്ഷേ അത് അവനെ ദേഷ്യം പിടിപ്പിച്ചു, ഞാൻ വീഴുന്നിടത്തോളം അവൻ എന്നെ അടിച്ചു. ആ ഭയാനകമായ സംഭവത്തിനുശേഷം കുറച്ചുകൂടി ജാഗ്രത പാലിക്കാൻ തുടങ്ങി. അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഇപ്പോൾ മനസിലാക്കി,' ഫാത്തിമ പറഞ്ഞു.
കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് നേരിട്ട അപമാനത്തെക്കുറിച്ചും ഫാത്തിമ വിവരിച്ചു. മുംബൈയിൽ മാസ്ക് ധരിച്ച് സൈക്കിൾ ചവിട്ടുന്ന സമയത്ത് ഒരു ടെമ്പോ ഡ്രൈവർ ഹോൺ അടിക്കുകയും വിചിത്രമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തുവെന്നും അയാൾ തന്നെ പിന്തുടർന്നുവെന്നും ഫാത്തിമ വെളിപ്പെടുത്തി