നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും അശ്വിൻ കൃഷ്ണയ്ക്കും ഒരു ആൺകുഞ്ഞ് കഴിഞ്ഞ ദിവസമാണ് പിറന്നത്. നീഓം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് ദിയയും കുടുംബവും പേരു നൽകിയിരിക്കുന്നത്. കുഞ്ഞു ഓമിയുടെ വരവോടെ വല്യമ്മയായ അഹാനയും ഇളയമ്മമാരായ ഇഷാനിയും ഹൻസികയുമെല്ലാം ഏറെ ത്രില്ലിൽ ആണ്.
ആശുപത്രിയില്‍ നിന്ന് തിരികെ വന്ന ദിയ കൃഷ്ണയ്ക്കും കുഞ്ഞിനും വന്‍ വരവേല്‍പ്പാണ് അനിയത്തിമാര്‍ ഒരുക്കിയത്. വീട്ടിലേക്ക് എത്തിയ കുഞ്ഞുവാവയെ താലോലിക്കുന്ന തിരക്കിലാണ് അഹാന. കുഞ്ഞിനു അരികിൽ നിന്ന് മാറാതെ പരിപാലിക്കുന്ന അഹാനയെ കുറിച്ച് ദിയ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്.
‘അമ്മു എണീറ്റു കഴിഞ്ഞാൽ പിന്നെ 24 മണിക്കൂറും ബേബിയുടെ കൂടെയാണ്. അമ്മുനെ പിന്നെ ബേബിയുടെ കട്ടിലിൽ നിന്നും എണീപ്പിച്ചു മാറ്റണം. ഒന്നു മാറുമോ മാഡം? എന്നൊക്കെ ചോദിക്കണം. അപ്പോൾ മാറും. പ്രസവിച്ചിട്ട അമ്മയെ പോലെ കൂടെത്തന്നെ കിടക്കും. ഫോട്ടോസും വീഡിയോസുമൊക്കെ എടുത്ത് കെട്ടിപ്പിടിച്ച് കിടക്കും. മണപ്പിച്ചോണ്ടൊക്കെ ഇരിക്കും, എനിക്കിതിന്റെ മണം ഭയങ്കര ഇഷ്ടാ. ഞാനിവിടുന്ന് മാറുന്നില്ല. ഇപ്പോൾ അമ്മു ഉറങ്ങുകയാണ്. എണീച്ചുകഴിഞ്ഞാൽ പിന്നെ എനിക്ക് കൊച്ചിനെ കിട്ടത്തില്ല, ദിയയുടെ വാക്കുകളിങ്ങനെ.
അതേ സമയം മകൾ ദിയ കൃഷ്ണയുടെ പ്രസവവുമായി ബന്ധപ്പെട്ട ആശുപത്രി അനുഭവങ്ങൾ പങ്കുവച്ച് അമ്മ സിന്ധു കൃഷ്ണ രംഗത്ത് വന്നിരുന്നു. അമ്മൂമ്മ ആയെന്ന് വിശ്വസിക്കാൻ തനിക്കോ, അമ്മ ആയെന്ന് വിശ്വസിക്കാൻ ദിയക്കോ കഴിഞ്ഞിട്ടില്ലെന്നും പുതിയ അംഗം വന്നതിന്റെ ആകാംക്ഷയിലാണ് വീട്ടുകാരെല്ലാമെന്നും സിന്ധു പറയുന്നു. കുഞ്ഞു വന്ന ശേഷമുള്ള കാര്യങ്ങളും ആശുപത്രിയിലെ സൗകര്യങ്ങളും വീട്ടിലെ ആളുകളുടെ സന്തോഷവും തുടങ്ങിയ എല്ലാ വിശേഷങ്ങളും പുതിയ വ്ലോഗിലൂടെ സിന്ധു പങ്കുവയ്ക്കുന്നുണ്ട്.