അടുത്തിടെ ഒരു സൗന്ദര്യ മല്‍സരത്തില്‍ ചോദിച്ച ചോദ്യത്തെ വേദിയില്‍ വച്ച് തന്നെ ട്രോള്‍ ചെയ്ത ധ്യാന്‍ ശ്രീനിവാസന്‍റെ വിഡിയോ വൈറലായിരുന്നു. മഞ്ജു വാരിയറിനെയാണോ കാവ്യാ മാധവനെയാണോ ഇഷ്ടം എന്നായിരുന്നു ശോഭ വിശ്വനാഥും ലക്ഷ്മി നക്ഷത്രയും വിധികര്‍ത്താക്കളായ മല്‍സരത്തില്‍ ചോദിച്ച ചോദ്യം. അടുത്തതായി ചോദിക്കാന്‍ പോകുന്നത് ദിലീപിനെയാണോ പള്‍സര്‍ സുനിയെ ആണോ ഇഷ്ടം എന്നാവും എന്നാണ് താന്‍ വിചാരിച്ചതെന്നാണ് ധ്യാന്‍ പറഞ്ഞത്.
വിഡിയോ വൈറലായതിനുപിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ ചോദ്യം നേരിട്ട മല്‍സരാര്‍ഥി. മഞ്ജുവിനും കാവ്യക്കുമിടയില്‍ താന്‍ തിരഞ്ഞെടുക്കില്ലെന്നും രണ്ട് പേര്‍ക്കും അവരവരുടേതായ രീതിയിലുള്ള ശരികളുണ്ടെന്നും ജീവിതത്തില്‍ വിജയിച്ചവരാണെന്നുമായിരുന്നു വേദിയില്‍ വച്ച് മല്‍രാര്‍ഥി പറഞ്ഞത്. താനും ഒരു സ്ത്രീയാണ്. അവരെ വിലയിരുത്താന്‍ നിങ്ങളോ ഞാനോ ആരുമല്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. കയ്യടികളോടെയാണ് പ്രേക്ഷകര്‍ മറുപടി സ്വീകരിച്ചത്. എന്നാല്‍ ആരാണ് പ്രിയപ്പെട്ടതെന്ന് പറയാനായി ശോഭ നിര്‍ബന്ധിച്ചതിനാല്‍ മഞ്ജുവിനെ ഇഷ്ടമാണെന്നും മല്‍സരാര്‍ഥി പറഞ്ഞിരുന്നു.
ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ താന്‍ നേരിട്ട ചോദ്യം വളരെ നിരാശാജനകമായി തോന്നിയെന്ന് ഇവര്‍ പറഞ്ഞു. പേള്സ്വിന് എലിസ പോള്‍ എന്ന സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്നുമാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 'നമ്മൾ ഇന്നും എന്തിനാണ് സ്ത്രീകളെ എതിരെ നിർത്തുന്നത്? പ്രത്യേകിച്ച്, സ്ത്രീകൾക്ക് ഇപ്പോള്‍ തന്നെ തങ്ങള്‍ക്കായുള്ള ഇടങ്ങള്‍ക്കായും ശബ്ദത്തിനായും മൂല്യത്തിനായും മത്സരിക്കേണ്ടി വരുന്ന ഒരു ലോകത്തിൽ? ശക്തരും വിജയിച്ചവരുമായ രണ്ട് സ്ത്രീകളിൽ നിന്നും ഒരാളെ തിരഞ്ഞടുക്കുക എന്നത് ബുദ്ധിയ്ക്കും കരുണയ്ക്കും ഇടയ്ക്ക് ഒന്ന് തിരഞ്ഞെടുക്കാന്‍ പറയുന്നതുപോലെയാണ്. രണ്ടും എന്തുകൊണ്ടാണ് ഒന്നിച്ച് തിരഞ്ഞെടുക്കാന്‍ പറ്റാത്തത്.
രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ പറയുമ്പോള്‍ സ്ത്രീകള്‍ പരസ്പരം പോരടിക്കണം എന്ന പഴയ ചിന്താഗതിയെ തന്നെയാണ് നിങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്. ആ കഥയില്‍ ഞാന്‍ ഭാഗമാവില്ല. എനിക്കത് തിരുത്തിയെഴുതണം, അത് തന്നെയാണ് അന്ന് രാത്രിയില്‍ ചെയ്തതെന്നും വിചാരിക്കുന്നു,' കുറിപ്പില്‍ പേള്സ്വിന് പറഞ്ഞു.
കുറിപ്പിനൊപ്പം ശോഭയെ വിമര്‍ശിച്ച് പേള്സ്വിന് വിഡിയോയും പങ്കുവച്ചിരുന്നു. 'ചോദ്യം ഉണ്ടാക്കിയത് ശോഭ വിശ്വനാഥല്ല. എന്നാല്‍ ശോഭ ചെയ്ത തെറ്റ് ഇതാണ്. ഒരു സ്ത്രീയായിരിക്കെ മറ്റൊരു സ്ത്രീയോട് വേറെ രണ്ട് സ്ത്രീകളെ പറ്റി, അതും വിവാദത്തിലുള്ള രണ്ട് സ്ത്രീകളെ പറ്റി ചോദിക്കാന്‍ പാടില്ല എന്ന മിനിമം കോമണ്‍സെന്‍സ് അവര്‍ക്കുണ്ടാവണമായിരുന്നു, പേള്സ്വിന് വിമര്‍ശിച്ചു.
നിങ്ങള്‍ ഒരു ഇന്‍ഫ്ളുവന്‍സറാവുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ പുതുതലമുറയെ ബാധിക്കുമെന്ന് ചിന്തിക്കണം. ഒരു ചോദ്യപേപ്പര്‍ കാണുമ്പോള്‍ അത് വിവാദമാണെന്ന് മനസിലാക്കിയാല്‍ ചോദിക്കാതിരിക്കാനുള്ള ബോധമുണ്ടാവണം. സ്വയം ഒരു വിഡ്ഢിയാവരുത്. ധ്യാന്‍ ചേട്ടനാണ് ചോദ്യത്തിന് നല്ലൊരു മറുപടി കൊടുത്തതെന്നും പേള്സ്വിന് പറഞ്ഞു. മല്‍സരിച്ചവര്‍ക്ക് തന്ന ബാഗില്‍ രണ്ട് നാരങ്ങമിഠായി ആയിരുന്നുവെന്നും മൂന്ന് മാസത്തെ അധ്വാനത്തിനും സമര്‍പ്പണത്തിനും സമയത്തിനും പണത്തിനുമായി ഇതാണോ തരുന്നതെന്നും അവര്‍ ചോദിച്ചു. നാരങ്ങ മിഠായിക്ക് വലിയ പഞ്ഞമൊന്നുമില്ലെന്നും പേള്സ്വിന് കൂട്ടിച്ചേര്‍ത്തു.