TOPICS COVERED

അഭിമുഖമെടുക്കുന്നതിനിടെയില്‍ ധനുഷില്‍ നിന്നും നേരിട്ട മോശം അനുഭവം പങ്കുവച്ച അവതാരകന്‍. വിഐപി 2 എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിന്‍റെ അനുഭവമാണ് അവതാരകന്‍ നയന്‍ ദീപ് പങ്കുവച്ചത്. അഭിമുഖത്തിലുടനീളം ധനുഷ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെന്നും ജ്യൂസ് തരാന്‍ വന്ന ആളോട് മോശമായി പെരുമാറിയെന്നു നയന്‍ദീപ് പറഞ്ഞു. നിങ്ങളേ‍ക്കാള്‍ താഴെയുള്ള മനുഷ്യരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് ഒരു സൂപ്പര്‍സ്റ്റാറിന്‍റെ മേന്മയിരിക്കുന്നതെന്നും ദി മോട്ടോര്‍ മൗത്തിന് നല്‍കിയ പോഡ്​കാസ്റ്റില്‍ നയന്‍ദീപ് പറഞ്ഞു.  

'വിഐപി 2 സിനിമയുടെ സമയത്ത് ധനുഷുമായി എനിക്ക് ഒരു ഇന്റര്‍വ്യു ചെയ്യാനുണ്ടായിരുന്നു. ഞാന്‍ അക്കാലത്ത് പത്രത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ 15 മിനിറ്റിന്റെ ചെറിയ ഇന്റര്‍വ്യു എടുക്കാനുണ്ടായിരുന്നത്. അന്ന് ധനുഷ് എന്നോട് പെരുമാറിയത് വളരെ മോശമായിട്ടായിരുന്നു. ഒരുതരം വിചിത്രമായ ദേഷ്യംപിടിക്കലായിരുന്നു. നല്ലൊരു അഭിമുഖമായിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് സിനിമയുടെ പിആര്‍ ടീം എന്നെ പരിചയപ്പെടുത്തിയതെല്ലാം. എന്നാല്‍ അഭിമുഖം തുടങ്ങിയ ശേഷം, വിഐപി 2 എന്ന ചിത്രത്തെ കുറിച്ച് ഞാന്‍ ചോദിച്ച ഒരൊറ്റ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല. കാജോളിനോടൊപ്പമുള്ള എക്‌സ്പീരിയന്‍സിനെ പറ്റി ചോദിച്ചപ്പോള്‍ അത് അവരോട് ചോദിക്കൂ എന്ന തരത്തിലുള്ള മറുപടികളായിരുന്നു മുഴുവന്‍. അഭിമുഖം മൂന്ന് മിനിറ്റിലേ തീര്‍ന്നു എന്ന് പറയാം.

ആ സമയത്ത് സുചിലീക്ക്‌സുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ആ വിവാദവും വാര്‍ത്തകളും മൂലം ഏറെ മനോവേദന അനുഭവിക്കേണ്ടി വന്നു എന്ന് ധനുഷിന്റെ കുടുംബാംഗങ്ങള്‍ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ വേണമെങ്കില്‍ മാത്രം ഉത്തരം നല്‍കിയാല്‍ മതിയെന്ന മുഖവുരയോടെ ഞാന്‍ അതേകുറിച്ച് ചോദിച്ചു. ഇത്തരം വിവാദങ്ങളില്‍ കുടുംബം കൂടി ഉള്‍പ്പെടുമ്പോള്‍ അത് ബാധിക്കാറുണ്ടോ എന്നായിരുന്നു എന്റെ ചോദ്യം. പക്ഷെ, അതുവരെ നല്‍കിയ മറുപടികളില്‍ നിന്നെല്ലാം വ്യത്യസ്തമായി അദ്ദേഹം ഈ ചോദ്യത്തിന് വളരെ കൃത്യമായും മനോഹരമായും ഉത്തരം തന്നു.

എന്നാല്‍ അഭിമുഖം കഴിഞ്ഞപ്പോള്‍, സിനിമയുടെ പിആറിനോട് ഇതാണോ നിങ്ങള്‍ പറഞ്ഞ നല്ല അഭിമുഖമെന്ന് അദ്ദേഹം തമാശയായി ചോദിച്ചു. ഞാന്‍ തെറ്റെന്തിലും ചെയ്തോ സാര്‍ എന്ന് ചോദിച്ചു. ഞങ്ങള്‍ ഇവിടെ സിനിമയുടെ പ്രൊമോഷനാണ് വന്നതെന്നും സിനിമയെ കുറിച്ച് ഒന്നും ചോദിച്ചില്ല എന്നും ധനുഷ് പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ അദ്ദേഹത്തിന് മറുപടി നല്‍കി. ചോദ്യങ്ങളെല്ലാം ഞാന്‍ എഴുതിവെച്ചിരുന്നു. അതും കാണിച്ചുകൊടുത്തു. ഞാന്‍ ചോദിക്കാതിരുന്നതല്ല, താങ്കള്‍ മറുപടി നല്‍കാതിരുന്നതാണ് എന്നും ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യു നടക്കുമ്പോള്‍ ധനുഷിന്റെ മാനേജറും അവിടെയുണ്ടായിരുന്നു. അവര്‍ മറുപടിയൊന്നും പറയാനാകാതെ നില്‍ക്കുകയായിരുന്നു.

അദ്ദേഹത്തിന് അന്ന് വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോ, എനിക്ക് മുന്‍പേ നടന്ന അഭിമുഖത്തില്‍ എന്തെങ്കിലും ദുരനുഭവങ്ങളുണ്ടായോ എന്നൊന്നും എനിക്കറിയില്ല. ഇതേ അഭിമുഖത്തിനിടെ ഒരു സ്റ്റാഫ് അദ്ദേഹത്തിനുള്ള ജ്യൂസുമായി വന്നു. അയാളോട് ധനുഷ് പെരുമാറിയത് വളരെ മോശമായിട്ടായിരുന്നു. അത് എനിക്ക് ഒരിക്കലും മറക്കാനാകില്ല. നിങ്ങള്‍ സൂപ്പര്‍സ്റ്റാറായിരിക്കാം. പക്ഷെ നിങ്ങളേക്കാള്‍ താഴെയുള്ള മനുഷ്യരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് ഒരു സൂപ്പര്‍സ്റ്റാറിന്‍റെ മേന്മ ഇരിക്കുന്നത്,' നയന്‍ ദീപ് പറഞ്ഞു.

ENGLISH SUMMARY:

Anchor Nayan Deep has shared a negative experience with actor Dhanush during an interview conducted as part of the promotions for the film VIP 2. Nayan Deep revealed that Dhanush refused to answer questions throughout the interview and even behaved rudely towards a person who came to serve juice.