നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഓഡിയോ ലോഞ്ചിൽ നടൻ ധനുഷ് പറഞ്ഞ വാക്കുകളാണ് ട്രോളുകൾക്ക് ഇരയാകുന്നത്
കുട്ടിക്കാലത്ത് തനിക്ക് ഇഷ്ടപ്പെട്ട ഇഡ്ഡലി കഴിക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു ധനുഷ് പറഞ്ഞത്. പൂക്കൾ ശേഖരിച്ച് വിറ്റാണ് ഇഡ്ഡലി കഴിക്കാനുള്ള കാശുണ്ടാക്കിയത് എന്നും ധനുഷ് പറഞ്ഞു. ധനുഷിന്റെ കുടുംബത്തിന്റെ സാഹചര്യം ഓർമിപ്പിച്ചാണ് ട്രോളുകൾ.
‘കുട്ടിക്കാലത്ത് എനിക്ക് ദിവസവും ഇഡ്ഡലി കഴിക്കാൻ വലിയ കൊതിയായിരുന്നു. പക്ഷേ അത് വാങ്ങാൻ പൈസയില്ലായിരുന്നു. അതുകൊണ്ട് അയൽപക്കങ്ങളിൽനിന്ന് പൂക്കൾ ശേഖരിക്കും. ഓരോ ദിവസവും ഞങ്ങൾ ശേഖരിക്കുന്ന പൂക്കളുടെ അളവ് അനുസരിച്ചായിരുന്നു ഞങ്ങൾക്ക് പണം കിട്ടിയിരുന്നത്. ഞാനും എന്റെ സഹോദരിയും മറ്റും പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് രണ്ട് മണിക്കൂറിലധികം പൂക്കൾ ശേഖരിക്കും'- ധനുഷ് ഓർത്തു.
'രണ്ടുരൂപയിലേറെയായിരുന്നു ഇതിന് ഞങ്ങൾക്ക് കിട്ടിയത്. അതിനുശേഷം, ഞങ്ങൾ അടുത്തുള്ള ഒരു പമ്പ് സെറ്റിൽ പോയി കുളിച്ച്, ഒരു തോർത്ത് മാത്രം ഉടുത്ത് പ്രധാന റോഡിലൂടെ നടക്കും. ആ പണത്തിന് ഞങ്ങൾക്ക് നാലോ അഞ്ചോ ഇഡ്ഡലി കിട്ടും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്തിക്കും രുചിക്കും മുകളിൽ മറ്റൊന്നുമില്ല. എന്റെ കുട്ടിക്കാലത്ത് കിട്ടിയിരുന്ന ആ സന്തോഷവും രുചിയും ഇന്നത്തെ റെസ്റ്റോറന്റുകളിലെ ഭക്ഷണത്തിൽനിന്ന് എനിക്ക് കിട്ടുന്നില്ല'- ധനുഷ് പറഞ്ഞു.
തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ കസ്തൂരി രാജയുടെ മകനായ ധനുഷിന് ഒരു ഇഡ്ഡലി കഴിക്കാനായി ഇത്രയൊക്കെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും ചോദിക്കുന്നത്.