സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തക്കെതിരെ പ്രതികരിച്ച് നടന്‍ ഉണ്ണിമുകുന്ദന്‍. എം.ഡി.എം.എ കേസില്‍ പിടിയിലായ യൂട്യൂബര്‍ റിന്‍സി ഉണ്ണിമുകുന്ദന്‍റെ മാനേജരാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാര്‍ക്കോ സിനിമയ്ക്ക് ശേഷം റിന്‍സി ഉണ്ണിമുകുന്ദനെക്കുറിച്ച് എഴുതിയ പോസ്റ്റാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാന്‍ കാരണം. ആടുജീവിതം, കാട്ടാളന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങള്‍ക്കായി റിന്‍സി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉണ്ണിമുകുന്ദന്‍ തനിക്ക് ഇപ്പോഴോ ഇതിനുമുന്‍പോ മാനേജരായി ആരും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. ഔദ്യോഗിക ആശയവിനിമയം അടക്കമുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ഉണ്ണിമുകുന്ദനും യു.എം.എഫ് എന്ന നിര്‍മ്മാണ കമ്പനിയുമാണ്.
ചില വ്യക്തികളും സ്ഥാപനങ്ങളും ഉണ്ണിമുകുന്ദനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ചില വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉണ്ണിമുകുന്ദന്‍ ഫാന്‍സ് അസോസിയേഷന്‍ വ്യക്തമാക്കി. ഇനി ആരെങ്കിലും അത്തരം തെറ്റായ പ്രചാരണങ്ങള്‍ നടത്തിയാല്‍ അവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുന്നതായിരിക്കുമെന്ന് ഉണ്ണിമുകുന്ദന്‍ ഫാന്‍സ് അസോസിയേഷനും നിര്‍മ്മാണക്കമ്പനിയും താരവും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇരുപത് ഗ്രാമിലേറെ എംഡിഎംഎയാണ് റിൻസി വാടകയ്ക്ക് താമസിച്ചിരുന്ന പാലച്ചുവടിലെ ഫ്ലാറ്റിൽ നിന്ന് ഡാൻസാഫ് പിടികൂടിയത്. ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപന. പതിനാല് ദിവസത്തേക്കാണ് റിൻസിയേയും ആണ്‍ സുഹൃത്ത് യാസർ അറഫത്തിനെയും തൃക്കാക്കര കോടതി റിമാൻഡ് ചെയ്തത്.