പ്രേം നസീറിനെ കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞ് നടന്‍ ടിനി ടോം  രംഗത്ത് എത്തിയിരുന്നു. ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് അടര്‍ത്തിയെടുക്കപ്പെട്ട ഭാഗം തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും മോശപ്പെടുത്താനോ അവഹേളിക്കാനോ പറഞ്ഞതല്ലെന്നും താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. വാര്‍ത്തകളില്‍ വന്നതുപോലെ വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്നെ കൊണ്ട് അതിനാവില്ലെന്നും പ്രേം നസീറിന്‍റെ വലിയ ആരാധകനാണ് താനെന്നും ടിനി കൂട്ടിച്ചേര്‍ത്തു. സീനിയറായ ഒരാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അത് നിഷേധിക്കുകയാണെന്നും ടിനി പറയുന്നു. തന്‍റെ ഭാഗത്ത് നിന്ന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ടിനി വിഡിയോയില്‍ വ്യക്തമാക്കി. 

അതേ സമയം ടിനി ടോമിനെതിരെ നടൻ മണിയന്‍പിള്ള രാജു രംഗത്ത് എത്തി. അവസാനകാലത്ത് അവസരം കുറഞ്ഞതില്‍ വിഷമിച്ചാണ് നസീര്‍ മരിച്ചതെന്നാണ് ടിനി പറഞ്ഞത്. വിവാദം ആയതോടെ തന്നോട് ഇക്കാര്യം പറഞ്ഞത് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവാണെന്നാണ് ടിനി പറഞ്ഞത്. ഇതിനെതിരെയാണ് മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം.  ടിനിക്കെതിരെ തുറന്നടിക്കുന്ന മണിയന്‍പിള്ള രാജുവുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ആണ്. താന്‍ ഒരിക്കലും അങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല. ടിനി തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് മണിയന്‍പിള്ള രാജു പറയുന്നത്.

'ഒരിക്കലുമില്ല. ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാന്‍ അദേഹത്തിന്റെ കൂടെ പത്ത് പതിനഞ്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ എല്ലാ ഇന്റര്‍വ്യുകളിലും, പ്രസംഗിക്കുമ്പോഴും പറയാറുണ്ട് ഇത്രയും ദൈവതുല്യനായ ഒരാളെ കണ്ടിട്ടില്ല എന്ന്. വര്‍ഷാ വര്‍ഷം നടക്കുന്ന നസീര്‍ സാറിന്റെ പരിപാടികളില്‍ ഞാന്‍ പോയി സംസാരിക്കാറുണ്ട്'' എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. ഈ ടിനി ടോം മുമ്പും മണ്ടത്തരങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍ ചെന്ന് പെട്ടിട്ടുണ്ട്. എന്തിനാണ് ഇത്ര മഹാനായൊരാളെപ്പറ്റി മോശമായി സംസാരിക്കുന്നതു? ഇവന് ഭ്രാന്താണെന്ന് തോന്നുന്നു എന്നും ടിനിക്കെതിരെ മണിയന്‍പിള്ള രാജു തുറന്നടിക്കുന്നുണ്ട്. മരിച്ചു പോയ ഒരാളാണ്. ദൈവ തുല്യനായ മനുഷ്യനാണ്. ഏറ്റവും കൂടുതല്‍ നായകനായതിന്റെ റെക്കോര്‍ഡുള്ള മനുഷ്യനാണെന്നും നസീറിനെക്കുറിച്ച് മണിയന്‍പിള്ള രാജു പറയുന്നു. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ ടിനിയെ കല്ലെറിയും. അദ്ദേഹത്തെ അത്രയും ആരാധിക്കുന്നവരുണ്ട്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ആരോ കേസ് കൊടുത്തിട്ടുണ്ട്. ഞാന്‍ അങ്ങനെ പറയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എത്രയോ തവണ എഴുതിയിട്ടുമുള്ളതാണ്. രണ്ട് പടം വന്നാല്‍ പണ്ട് നടന്ന പരിസരം മറക്കും ഇവരെല്ലാം'' എന്നും മണിയന്‍പിള്ള രാജു പറയുന്നു’

ENGLISH SUMMARY:

Actor Tiny Tom recently issued an apology for his controversial remarks about late Malayalam cinema legend Prem Nazir, claiming his statements about Nazir's alleged distress over declining opportunities in his final days were taken out of context. Tom stated he was relaying information from a "senior person" in the industry, who has now denied making such a claim. Veteran actor Maniyanpilla Raju has vehemently refuted Tiny Tom's assertion that he was the source, calling Tiny Tom's comments "foolish" and demanding a public apology. Raju, in a phone conversation released by director Alleppey Ashraf, emphasized that he never made such a statement about Prem Nazir, whom he considers a divine figure and greatly respects. Other industry figures like dubbing artist Bhagyalakshmi have also criticized Tiny Tom's initial remarks as inaccurate and hurtful to Prem Nazir's legacy and family.