പലര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള വേദിയാണ് സോഷ്യല്‍മീഡിയ. ആ അഭിപ്രായത്തോട് വിയോചിച്ചും യോജിച്ചുമൊക്കെ പലരും രംഗത്ത് വരാറുമുണ്ട്. എന്നാല്‍ പലപ്പോഴും അഭിപ്രായങ്ങളും അതിനോടുള്ള പ്രതികരണങ്ങളുമൊക്കെ അതിര് കടക്കാറുണ്ട്. അത്തരത്തില്‍ തന്‍റെ അച്ഛനെതിരെ വന്ന മോശം കമന്‍റിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്.
അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ ചിലര്‍ ഇട്ട മോശം കമന്‍റാണ് മാധവിനെ വിഷമിപ്പിച്ചതെന്നാണ് താരം വ്യക്തമാക്കുന്നത്. തന്‍റെ അമ്മയേയും സഹോദരിമാരെയും കുറിച്ച് ആ കമന്‍റില്‍ മോശം പരാമര്‍ശം നടത്തിയുന്നു. അത് എല്ലാ ദിവസവും ഓര്‍മിക്കാറുണ്ടെന്നും അത് പറഞ്ഞയാളെ വീട്ടില്‍ കയറി തല്ലേണ്ടതാണെന്നും എന്നാല്‍ അങ്ങനെ ചെയ്താല്‍ താന്‍ കുറ്റക്കാരനാകുമെന്നും മാധവ് പറയുന്നു.
മാധവിന്‍റെ വാക്കുകള്‍
അച്ഛന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടുത്ത ജന്മത്തില്‍ ഒരു ബ്രാഹ്മണനായി ജനിച്ച് അമ്പലത്തില്‍ പൂജാരിയായാല്‍ കൊള്ളാമെന്ന് പറഞ്ഞിരുന്നു. ഒരു മനുഷ്യന് അവര്‍ക്ക് എന്താകാണമെന്ന് ആഗ്രഹം ഉണ്ടാകില്ലേ. എനിക്ക് അടുത്ത ജന്മത്തില്‍ ക്രിസ്ത്യാനി ആകണമെന്ന് പറഞ്ഞാല്‍ അത് എന്‍റെ അവകാശമല്ലേ, എന്‍റെ തീരുമാനമല്ലേ. ഞാന്‍ ആരെയും ദ്രോഹിക്കുന്നില്ലല്ലോ. പക്ഷേ അതിനെ ആള്‍ക്കാര്‍ക്ക് കളിയാക്കണം. ചിലകാര്യങ്ങള്‍ വേദനിപ്പിക്കും. ഇന്നും മറക്കാത്ത ഒരു കാര്യമുണ്ട്. എല്ലാ ദിവസവും അത് ഞാന്‍ ഓര്‍ക്കും. 'നീ നിന്‍റെ ഭാര്യയെയും പെണ്‍മക്കളെയും ഞങ്ങള്‍ക്ക് കൊണ്ടുവന്ന് തന്നിട്ട് പോ' എന്ന് പറഞ്ഞൊരു കമന്‍റ്. ശരിക്കും അവനെയൊക്കെ വീട്ടില്‍ കയറി തല്ലേണ്ടതാണ്. പക്ഷേ അത് ചെയ്താല്‍ നമ്മള്‍ കുറ്റക്കാരാകും. ഇപ്പോഴും അതൊക്കെ നടക്കുന്നുണ്ട്. ഇതൊക്കെ പറയാന്‍ ഫെയ്ക്ക് അക്കൗണ്ട് ഉണ്ടാക്കുന്നവരുണ്ട്. കാരണം മുഖത്ത് നോക്കി പറയാന്‍ അവര്‍ക്ക് നട്ടെല്ല് ഇല്ല. ഇത് കേള്‍ക്കുന്നവരും മനുഷ്യരാണെന്ന് പറയുന്നവര്‍ ഓര്‍ക്കുന്നില്ല.