ടിനി ടോം (File Photo)
മലയാളികളുടെ നിത്യഹരിത നായകന്‍ യശ്ശശരീരനായ പ്രേം നസീറിനെ കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞ് നടന്‍ ടിനി ടോം. ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് അടര്‍ത്തിയെടുക്കപ്പെട്ട ഭാഗം തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും മോശപ്പെടുത്താനോ അവഹേളിക്കാനോ പറഞ്ഞതല്ലെന്നും താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. വാര്‍ത്തകളില്‍ വന്നതുപോലെ വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്നെ കൊണ്ട് അതിനാവില്ലെന്നും പ്രേം നസീറിന്‍റെ വലിയ ആരാധകനാണ് താനെന്നും ടിനി കൂട്ടിച്ചേര്‍ത്തു. സീനിയറായ ഒരാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അത് നിഷേധിക്കുകയാണെന്നും ടിനി പറയുന്നു. തന്‍റെ ഭാഗത്ത് നിന്ന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ടിനി വിഡിയോയില്‍ വ്യക്തമാക്കി. ടിനിയുടെ വാക്കുകളിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
'വളരെ വൈകിയാണ് ഞാന്‍ വാര്‍ത്ത കണ്ടത്, നസീര്‍ സാറിനെ ഞാന്‍ മോശം പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ്... ദ ഗോഡ് ഓഫ് മലയാള സിനിമ, ലെജന്‍ഡ് ഓഫ് മലയാള സിനിമ നസീര്‍ സാറിനെ ആരാധിക്കുന്നതായി ലോകത്ത് ഒരുപാട് പേരുണ്ട്. അതിലൊരാളാണ് ഞാനും. നസീര്‍ സാറ് എവിടെ കിടക്കുന്നു, ഞാന്‍ എവിടെ കിടക്കുന്നു..അത്രയും വലിയൊരു സ്റ്റാറിനെ മോശം പരാമര്‍ശം നടത്താന്‍ ഞാന്‍ ആരാണ്?ഒരു ഇന്‍റര്‍വ്യൂവില്‍ നിന്നും അടര്‍ത്തിയെടുത്ത, ചുരണ്ടിയെടുത്ത ഭാഗമെടുത്ത് തെറ്റായിട്ടത് വ്യാഖ്യാനത്തിലൂടെ പുറത്തുവിടുകയാണ് ചെയ്തിരിക്കുന്നത്.
നസീര്‍ സാറിനെ കുറിച്ചുള്ള ഇന്‍ഫര്‍മേഷന്‍ , ഞാന്‍ നേരിട്ട് കണ്ടിട്ട് പോലുമില്ല. നമ്മുടെ ഒരു സീനിയര്‍ തന്ന ഇന്‍ഫര്‍മേഷനാണ്. ഇപ്പോ അദ്ദേഹം കൈമലര്‍ത്തുന്നുണ്ട്. അല്ലാതെ ഞാന്‍ ആവാഹിച്ചെടുത്തതല്ല. കേട്ട ഇന്‍ഫര്‍മേഷന്‍ വച്ചിട്ട് ഞാന്‍ ഷെയര്‍ ചെയ്ത ഒരു കാര്യമാണ്. അതൊരിക്കലും മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല. കാരണം ഇവരെയൊന്നും നമുക്ക് തിരിച്ചു കിട്ടാത്ത ലെജന്‍ഡ്സ് ആണ്. പല സീനിയേഴ്സും മരിക്കുമ്പോള്‍ ഞാനവിടെ ചെല്ലാറുണ്ട്. എന്‍റെ സാന്നിധ്യം അറിയിക്കാറുണ്ട്. ഇത്രയൊക്കെ ഇവരെയൊക്കെ ആരാധിക്കുന്ന ഒരാളാണ് ഞാന്‍. മോശം പരാമര്‍ശം നടത്താന്‍ ഞാന്‍ ആരാണ്? വാക്കു കൊണ്ട് വേദനിപ്പിക്കരുതെന്ന ആശയം കൊണ്ട് ജീവിക്കുന്നയാളാണ്. മനസാ വാചാ കര്‍മണാ ഒരിക്കലും ഞാന്‍ ഇങ്ങനെ, വാര്‍ത്തയില്‍ വന്നതുപോലെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല, എന്നെക്കൊണ്ട് പറ്റുകയുമില്ല. എന്‍റെ ഭാഗത്ത് നിന്ന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'.
ടിനിയുടെ വാക്കുകള്‍ വസ്തുതാവിരുദ്ധമാണെന്ന് പല മുതിര്‍ന്ന താരങ്ങളും ചൂണ്ടിക്കാട്ടുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. അവസാനകാലത്ത് അവസരങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ പ്രേം നസീര്‍ അടൂര്‍ ഭാസിയുടെയും ബഹദൂറിന്‍റെയും വീട്ടില്‍ പോയിരുന്നു കരയുമായിരുന്നു എന്നായിരുന്നു ടിനി അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഇത് ശരിയല്ലെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടിയിരുന്നു. അവസാന കാലം വരെ താന്‍ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും കുടുംബവുമായി അദ്ദേഹം സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും അവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ വിശദീകരിച്ചിരുന്നു. ടിനിയുടെ വാക്കുകള്‍ അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ക്ക് കടുത്ത വേദനയാണ് നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.