പടക്കളം സിനിമയിലെ സന്ദീപിന് പകരം താൻ ആയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും മാധവ് സുരേഷ്. രണ്ട് ഓണ്‍ലൈന്‍ ചാനലുകളെ പേരെടുത്ത് വിമര്‍ശിച്ചും വ്യാജ പ്രചാരണത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചുമാണ് സാമൂഹ്യമാധ്യമങ്ങളിലെ മാധവിന്‍റെ പോസ്റ്റ്.
സഹോദരങ്ങളേ, ഇതാണ് നമ്മുടെ 'മഹത്തായ' മീഡിയാ സംസ്കാരം. ജാങ്കോ സ്പെയ്സ്, സ്മാര്‍ട്ട് പിക്സ് മീഡിയ, കൂടാതെ സ്ക്രീൻഷോട്ട് എടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത മറ്റ് ചാനലുകൾ, നിങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു. നിങ്ങളുടെ കൃത്രിമത്വത്തിന്‍റെ ഇരയായത് ഞാൻ മാത്രമല്ല, പക്ഷേ ഞാൻ അവസാനത്തെ ഇരയായിരിക്കണം എന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കും. എന്നാണ് മാധവ് കുറിച്ചത്.
പടക്കളം എന്ന സിനിമയിലെ സന്ദീപിന്റെ പെർഫോമൻസ് തനിക്ക് വളരെ ഇഷ്‌ടപ്പെട്ടെന്നും രണ്ട് മൂന്ന് ഫേസ്ബുക്ക് പേജുകൾ മാധവ് സുരേഷ് ഈ ക്യാരക്ടർ ചെയ്താൽ നന്നായിരിക്കുമെന്നുള്ള പോസ്റ്റ് കണ്ടു. സന്ദീപ് ചെയ്ത വർക്കിനോടുള്ള അനാദരവായാണ് താനത് കണ്ടത്. പ്രശംസിക്കുകയോ വിമർശിക്കുകയോ ചെയ്യുക. താരതമ്യം നിർത്തണമെന്നും മാധവ് ഇതിന് മുന്‍പേ വ്യക്തമാക്കിയിരുന്നു.