julian-mcmahon

'ഫന്റാസ്റ്റിക് ഫോർ', 'ചാ‌ംഡ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ ഓസ്‌ട്രേലിയന്‍- അമേരിക്കന്‍ നടന്‍ ജൂലിയന്‍ മക്മഹോന്‍ (56) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദബാധിതനായിരുന്ന നടന്‍റെ വിയോഗ വാര്‍ത്ത ഭാര്യ കെല്ലിയാണ് പുറത്തുവിട്ടത്. ബുധനാഴ്ചയായിരുന്നു മരണം. 'അര്‍ബുദത്തിനെതിരെയുള്ള ധീരമായ പോരാട്ടങ്ങള്‍ക്കിടെ എന്‍റെ ഭര്‍ത്താവ് മരണത്തിന് കീഴടങ്ങിയെന്ന് ലോകത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു', എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് കെല്ലി മരണവാര്‍ത്ത പങ്കുവെച്ചത്.

‘ജൂലിയൻ ജീവിതത്തെ ഏറെ സ്നേഹിച്ചിരുന്നു, അവന്‍റെ കുടുംബത്തെ സ്നേഹിച്ചിരുന്നു. തന്റെ സുഹൃത്തുക്കളെയും സ്നേഹിച്ചിരുന്നു. ജോലിയേയും ആരാധകരെയും അവന്‍ എന്നും സ്നേഹിച്ചിരുന്നു. എല്ലാവരിലും സന്തോഷം നിറയ്ക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ഈ കഠിനമായ സമയം ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നല്‍കാന്‍ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ജൂലിയന് പ്രിയ്യപ്പെട്ടവരെല്ലാം, അവനെ സ്നേഹിച്ചവരെല്ലാം തുടര്‍ന്നും സന്തോഷം കണ്ടെത്തുക. ഓർമ്മകൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്’ കെല്ലി കുറിച്ചു.

1968 ൽ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ജൂലിയന്‍റെ ജനനം. 1980 കളിൽ മോഡലായി ജോലി ചെയ്യാൻ തുടങ്ങിയ അദ്ദേഹം പതുക്കെ സിനിമയിലേക്ക് എത്തുകയായിരുന്നു. 1989 ല്‍ ഓസ്‌ട്രേലിയൻ ടെലിവിഷന്‍ ഷോയായ 'ദി പവർ, ദി പാഷൻ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1992 ൽ എലിയട്ട് ഗൗൾഡിനൊപ്പം അഭിനയിച്ച 'വെറ്റ് ആൻഡ് വൈൽഡ് സമ്മർ!' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക്. ജനപ്രിയ ഫാന്റസി ഷോയായ 'ചാംഡ്' എന്ന പരമ്പരയിലെ വേഷമാണ് ജൂലിയനെ പ്രശ്തിയുടെ പടവുകള്‍ കയറ്റിയത്. 'ഫന്റാസ്റ്റിക് ഫോർ' ഫ്രാഞ്ചൈസിയിലെ ഡോ. ഡൂമിന്റെ വേഷവു അദ്ദേഹത്തെ ആരാധകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി മാറ്റി. ഹോം എവേ, നിപ്/ ടക്, എഫ്ബിഐ: മോസ്റ്റ് വാണ്ടഡ് എന്നിവയും അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. നെറ്റ്ഫ്‌ളിക്‌സ് സീരീസ് 'ദ റെസിഡന്‍സി'ലാണ് അവസാനമായി വേഷമിട്ടത്.

ENGLISH SUMMARY:

Australian-American actor Julian McMahon, famed for roles in “Charmed” and as Dr. Doom in the “Fantastic Four” films, has died at 56 after a long battle with cancer. His wife, Kelly, shared the news, remembering Julian as someone who deeply loved life, family, friends, and his fans. Born in Sydney in 1968, McMahon began as a model in the 1980s before moving into acting. He gained prominence with the fantasy series “Charmed,” and became popular worldwide for his role in the “Fantastic Four” franchise. His notable works also include “Home and Away,” “Nip/Tuck,” and “FBI: Most Wanted.” His final appearance was in the Netflix series “The Residency.”