മാധ്യമപ്രവർത്തകന്‍റെ മൈക്ക് കണ്ണിൽ തട്ടിയതും അതിന് നടൻ മോഹൻലാൽ നൽകിയ മറുപടിയും സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്‍റെ കണ്ണിൽ തട്ടിയത്. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്.
ഒന്നും പറയാനില്ലെന്നു പറഞ്ഞ് കാറിലേക്കു കയറുന്നതിനിടെ മൈക്ക് മോഹൻലാലിന്‍റെ കണ്ണിൽ തട്ടുകയായിരുന്നു. പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൈക്ക് ഐഡി മോഹൻലാലിന്‍റെ കണ്ണിൽ തട്ടിയത്. ‘എന്താ മോനേ ഇത് കണ്ണല്ലേ’ എന്ന് ചോദിച്ച മോഹൻലാൽ ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്. കനത്ത പൊലീസ് കാവലിനിടെയായിരുന്നു സംഭവം.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. ക്ഷമ ,മാന്യത ,സമാധാനം ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ കണ്ടുവെന്നും മാന്യമായുള്ള മറുപടികൾ കൊണ്ട് അദ്ദേഹം വീണ്ടും അവനെ വിസ്മയിപ്പിച്ചെന്നും മൈക്ക് കാണുമ്പോൾ കലിതുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാളാണ് മോഹന്‍ലാലെന്നും ജോയ് മാത്യു കുറിച്ചു
കുറിപ്പ്
ക്ഷമ ,മാന്യത ,സമാധാനം
ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വീഡിയോയിൽ കണ്ടു .
അയാളുടെ പേര് മോഹൻ ലാൽ എന്നാണ് .
എന്ത് ഭൂലോക വാർത്തക്ക് വേണ്ടിയാണ് അദ്ദേഹത്തെ ഒരു മാധ്യമൻ മൈക്ക് വടി കൊണ്ട് കണ്ണിൽ കുത്തിയത് എന്ന് മനസ്സിലായില്ല.
ഒരു നടന്റെ ഏറ്റവും അമൂല്യമായ ഒന്നാണ് കണ്ണുകൾ.ഭാഗ്യത്തിന് മൈക്കുവടി പുരികത്തിനെ കൊണ്ടുള്ളൂ .അദ്ദേഹം ക്ഷമിച്ചു ,
കാരണം അയാൾ മോഹൻലാലാണ് .
തുടർന്ന് മാധ്യമന്‍ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സോറി പറയുന്നതും കേട്ടു ,മാന്യമായുള്ള മറുപടികൾ കൊണ്ട് അദ്ദേഹം വീണ്ടും അവനെ വിസ്മയിപ്പിച്ചു ,കാരണം മറുവശത്ത് മോഹൻ ലാലാണ് .
മൈക്ക് കാണുമ്പോൾ കലിതുള്ളുന്നവരും
ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാൾ അയാളുടെ പേരാണ് മോഹൻലാൽ