സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടിക്കെതിരെ പ്രതിഷേധിച്ച് ചലച്ചിത്ര സംഘടനകൾ.ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെൻസർ ബോർഡ് റീജിയണൽ ഓഫീസിലെ പ്രതിഷേധത്തിൽ നൂറുകണക്കിന് ചലച്ചിത്ര പ്രവർത്തകർ പങ്കെടുത്തു. ജാനകി എന്ന പേരുമായി മുൻപ് ഇറങ്ങിയ സിനിമാ പോസ്റ്ററുകൾ ഉൾപ്പെടെ പ്രദർശിപ്പിച്ചാണ് പ്രതിഷേധം.
അനാവശ്യവും അകാരണവുമായി സിനിമാ റീലിൽ കത്രിക വയ്ക്കുന്ന സെൻസർ ബോർഡ് നടപടിയെ പ്രതീകാത്മകമായി നോ കട്ട് പറഞ്ഞാണ് ചലച്ചിത്ര പ്രവർത്തകർ നേരിട്ടത്. ഫെഫ്ക , അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഫിലിം സർട്ടിഫിക്കേഷൻ ബോർഡിൻ്റെ റീജിയണൽ ഓഫീസിന് മുൻപിലാണ് ചലച്ചിത്ര പ്രവർത്തകർ കുത്തിയിരുന്നത്.
കേട്ടുകേൾവിയില്ലാത്ത നടപടി ഒരിക്കലും അംഗീകരിക്കില്ലെന്നു സംഘടനകൾ വ്യക്തമാക്കി.ജനാധിപത്യവിരുദ്ധവും വർഗീയവുമായ നടപടിയെന്ന സംവിധായകരും നിർമാതാക്കളും വിമർശിച്ചു.
നിവേദ്യത്തിൽ അഭിനയിച്ചത് ഇപ്പോൾ ആണെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് അറിയില്ലെന്ന് നടൻ വിനു മോഹൻ.
സിനിമയുടെ പേരും കഥാപാത്രത്തിൻ്റെ പേരും ജാനകിയെന്നായതാണ് സെൻസർ ബോർഡ് പ്രദർശനാനുമതി തടയുന്നതിന് കാരണമായതെങ്കിൽ ജാനകി,സീത തുടങ്ങിയ പേരുകളുമായി മുൻകാലങ്ങളിൽ ഇറങ്ങിയ സിനിമകളുടെ പോസ്റ്ററുകളും സമരവേദിയിൽ പ്രദർശിപ്പിച്ചു.