വർഷങ്ങൾക്ക് മുമ്പ് കണ്ട സിനിമകൾ വീണ്ടും തിയറ്ററിൽ കാണുന്ന ആവേശത്തിലാണ് മലയാളികൾ. പഴയ ക്ലാസിക്കുകൾ റീ റിലീസ് ചെയ്യുന്ന ട്രെൻഡ് ഇപ്പോൾ സജീവമാണ്. 2023ൽ മോഹൻലാൽ ചിത്രം സ്ഫടികത്തിന്‍റെ റീ റിലീസിലൂടെ തുടക്കമിട്ട ട്രെൻഡാണ് ഇപ്പോഴും തുടരുന്നത്. മികച്ച ദൃശ്യ, ശബ്ദ മികവോടെ ചിത്രം തിയറ്ററിൽ കാണുന്ന ആവേശത്തിലാണ് മലയാളികൾ.
റീ റിലീസ് ചെയ്തതിൽ ദേവദൂതൻ, മണിച്ചിത്രത്താഴ്, സ്ഫടികം, ഛോട്ടാ മുംബൈ എന്നീ സിനിമകൾമാത്രമാണ് കാര്യമായ നേട്ടം ഉണ്ടാക്കിയത്. ഇവയ്ക്കെല്ലാം നാലു കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ചു. തിയേറ്റർ റിലീസിനായി ഒരു സിനിമ മികച്ച നിലവാരത്തിൽ റീമാസ്റ്റർചെയ്ത് ഫോർ കെ പതിപ്പാക്കാൻ ചിലവകുന്നത് 30 ലക്ഷം രൂപയാണ്.
സിനിമയുടെ അന്നത്തെ നെഗറ്റീവ് ഉണ്ട് എങ്കിൽ ഇതിലും കുറവ് ചിലവാണ് വരിക. അതുകൊണ്ട് സിനിമ റീറിലീസിനെത്തുമ്പോള്‍ നിർമാതാവിന് എന്തു കൊണ്ടും ലാഭം തന്നെയാണ്. ആഘോഷ സിനിമകൾക്കാണ് റീറിലീസിൽ ഡിമാൻഡ് കൂടുതൽ. ദേവധൂതൻ മാത്രമാണ് അതിൽ നിന്ന് വേറിട്ട് നിന്നത്. 2017 ൽ ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പ്രസാദ് സ്റ്റുഡിയോ ഉൾപെടെയുള്ളവയിൽ നിന്ന് പല മലയാള സിനിമകളുടെ നെഗറ്റീവ് നഷ്ടപ്പെട്ടു. കിരീടം പോലുള്ള സിനിമകളുടെ റീറിലീസ് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നെഗറ്റീവ് ഇല്ലാത്തതാണ് പ്രധാനവെല്ലുവിളി.
നെഗറ്റീവ് ഇല്ലാത്ത സിനിമകൾ ഡിജിബീറ്റ ടേപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്തു എടുക്കുകയാണ് പതിവ്. പക്ഷേ ക്വാളിറ്റിയിൽ വ്യത്യാസം സംഭവിക്കും. നിലവിൽ ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ ആണ് സ്കാനിങ് പ്രക്രിയ നടക്കുന്നത്. പിന്നീട് 4കെയിലാക്കാന്‍ 3മുതല്‍ 4 മാസം വരെ സമയമെടുക്കും. 4കെ ദൃശ്യമികവിൽ റീ റിലീസ് ചെയ്യുന്നതിന് മുന്‍പ് സാങ്കേതികമായി നിരവധി മാറ്റങ്ങളും പിന്നണി പ്രവർത്തകർ വരുത്താറുണ്ട്.
ആദ്യ റിലീസിൽ വിമർശിക്കപ്പെട്ട ചില അനാകർഷക രംഗങ്ങൾ ഒഴിവാക്കുകയാണ് പ്രധാനം. ഉദയനാണ് താരം, കമ്മീഷണര്‍ തുടങ്ങിയ മലയാള സിനിമകളും വിവിധ അന്യ ഭാഷ സിനിമകളും റീമസ്റ്ററിങ്് പണിപ്പുരയിലാണ്