Image Credit: Facebook/Akhilmarar123

Image Credit: Facebook/Akhilmarar123

ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികളെ പറ്റിയും അതിജീവനത്തെയും പറ്റിയും തുറന്നു പറഞ്ഞ് സംവിധായകന്‍ അഖില്‍ മാരാര്‍. മൈത്രയേനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുള്ള അഖിലിന്‍റെ വെല്ലുവിളിക്ക് എതിരെയുള്ള പരിഹാസങ്ങള്‍ക്ക് മറുപടിയായാണ് ഫെയ്സ്ബുക്ക് കുറിപ്പ്. പണം ഇല്ലെങ്കിലും വ്യക്തിത്വം ഉണ്ടായത് കൊണ്ട് ഒറ്റയ്ക്ക് പട വെട്ടി കയറിയവനാണ് താന്‍. മറ്റുള്ളളരുടെ  കമന്‍റും  പരിഹാസവും  തന്നെ ബാധിക്കുമെന്ന് ആരെങ്കിലും കരുതിയാല്‍  പൊട്ടിച്ചിരിക്കുകയേയുള്ളൂ എന്നും അഖില്‍ പറഞ്ഞു . 

ഒന്നുമില്ലായ്മയിൽ നിന്നും കൊച്ചിയിൽ സ്വന്തമായി ഫ്ലാറ്റും, ബെൻസും, മിനി കൂപ്പറും, ബിഎംഡബ്ല്യൂ ബൈക്കും, കാക്കനാട് ഒരു ഫാമിലി സലൂണും സ്വന്തമാക്കിയത് രക്ഷപ്പെട്ട മനുഷ്യരുടെ പോസ്റ്റിൽ പോയി തെറി വിളിച്ചിട്ടല്ല. അവർ എങ്ങനെയാണു രക്ഷപെട്ടതെന്ന് പഠിച്ചും സ്വന്തം കഴിവുകൾ എന്താണെന്ന് തിരിച്ചറിഞ്ഞും നിശ്ചയ ദാർഡ്യത്തോടെ നിതാന്ത പരിശ്രമം ചെയ്തും നേടിയതാണ്. ജീവിതത്തില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ പറ്റിയും കുറിപ്പില്‍ പറയുന്നുണ്ട്. ഓരോ അഭിമുഖത്തിനും വാങ്ങുന്ന തുകയുടെ വിശദാംശങ്ങളും അഖില്‍ വെളിപ്പെടുത്തി. 

അഖില്‍ മാരറിന്‍റെ കുറിപ്പ്– പൂര്‍ണ രൂപം 

മൈത്രേയനുമായി ചർച്ച ചെയ്താൽ നീ .... എന്നൊക്കെ പറഞ്ഞു മൈത്രേയന്‍റെ ആരാധകർ കമന്‍റ്  ഇട്ട് ആഘോഷിക്കുന്നത് കണ്ടു...

ഇവരോട് പറയാൻ ഉള്ളത് ഞാൻ ആ കൊടുത്ത അഭിമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട് മൈത്രെയൻ പറയുന്ന പല കാര്യങ്ങളോടും യോജിപ്പുള്ള ഒരാളാണ് ഞാൻ. ബോധ തലത്തിൽ ഉയർന്ന ചിന്ത ഉള്ളവർക്ക് മൈത്രെയൻ പറയുന്ന ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും.

എന്നാൽ മറ്റ് ചില കാര്യങ്ങളിൽ മൈത്രെയൻ പറയുന്ന വിവരക്കേടുകൾ എതിർക്കപെടെണ്ടതാണ് അതാണ് ഞാൻ പറഞ്ഞതും. മയക്കു മരുന്നിനെ വെള്ളവുമായി താരതമ്യം ചെയ്ത അയാളുടെ വിഡ്ഢിത്തരത്തിന് വ്യക്തമായ മറുപടി നൽകാതിരുന്ന ഹാഷ്മിയുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ പ്രതികരിക്കുമായിരുന്നു.

എന്തായാലും പറയുന്നത് പൂർണമായും കേൾക്കാത്ത വിഡ്ഢികൾ വെല്ലുവിളി നടത്തിയത് കൊണ്ട് സംവാദത്തിന് ഞാൻ തയ്യാറാണെന്ന് എന്നോട് ബന്ധപ്പെട്ട ഓൺലൈൻ മാധ്യമങ്ങളോട് ഞാൻ പറഞ്ഞിരുന്നു.. എന്‍റെ ഒരഭിമുഖത്തിന് ഒരു ലക്ഷം രൂപയും ജിഎസ്ടി യും വാങ്ങുന്ന എനിക്ക് ഒന്നരലക്ഷം വരെ ഓഫർ ഈ പ്രോഗ്രാമിന് നൽകാം എന്ന് പറഞ്ഞെങ്കിലും എനിക്ക് പ്രിയപ്പെട്ട ഒരാളുടെ ചാനലിൽ ഒരു ലക്ഷം രൂപ സമ്മതിച്ചു ഞാൻ തയ്യാറായിട്ട് നാല് ദിവസങ്ങൾ കഴിഞ്ഞു.. മൈത്രെയനെ പോലെ കാണുന്ന ചാനലിൽ ഒക്കെ കയറി ഇറങ്ങി നടക്കുന്ന ശീലം എനിക്കില്ല..

നിലവിൽ മൈത്രെയൻ ഈ സംവാദത്തിന് തയ്യാറായോഎന്നതും എനിക്കറിയില്ല. ഞാൻ തയ്യാറാണ് അത്ര മാത്രം..

നാല് പേരുടെ മുന്നിൽ മുഖം കാണിക്കാൻ വെപ്രാളം കാണിക്കുന്ന അങ്ങോട്ട് കാശ് കൊടുത്തും അല്ലാതെയും ഇന്റർവ്യൂ കൊടുക്കുന്നവരുടെ  കൂട്ടത്തിൽ ഞാൻ ഇല്ല. എന്നെ ആവശ്യമുള്ളവർ ഞാൻ പറയുന്ന തുക തന്നു വിളിക്കണം. അങ്ങനെ വിളിച്ചിട്ടുള്ളതാണ് അവസാനം വരെ നിങ്ങൾ കണ്ട എന്റെ അഭിമുഖങ്ങൾ (മറുനാടൻ ഒഴിച്ച് കാരണം വർഷങ്ങളുടെ അടുപ്പം). ഒരു ലക്ഷം രൂപ ഉണ്ടാക്കാൻ നിങ്ങൾക്ക് എത്ര ദിവസം അല്ലെങ്കിൽ മാസം വേണ്ടി വരും എന്നെനിക്ക് അറിയില്ല.. എനിക്ക് ഒരു മണിക്കൂർ മതിയാകും.. അതാണ് കമന്റ് ഇട്ട് പരിഹസിക്കുന്നവനും ഞാനും തമ്മിലുള്ള വ്യത്യാസം..

ഒന്നുമില്ലായ്മയിൽ നിന്നും കൊച്ചിയിൽ സ്വന്തമായി ഫ്ലാറ്റും, ബെൻസും, മിനി കൂപ്പറും, ബിഎംഡബ്ല്യൂ ബൈക്കും, കാക്കനാട് ഒരു ഫാമിലി സലൂണും സ്വന്തമാക്കിയത് രക്ഷപ്പെട്ട മനുഷ്യരുടെ പോസ്റ്റിൽ പോയി തെറി വിളിച്ചിട്ടല്ല. അവർ എങ്ങനെയാണു രക്ഷപെട്ടതെന്ന് പഠിച്ചും സ്വന്തം കഴിവുകൾ എന്താണെന്ന് തിരിച്ചറിഞ്ഞും നിശ്ചയ ദാർഡ്യത്തോടെ നിതാന്ത പരിശ്രമം ചെയ്ത് നേടി എടുത്തതാണ്. കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ 2017ഇൽ ഒരു കാർഷിക വായ്പ എടുത്തതിന്‍റെ പലിശ വർഷത്തിൽ പതിനായിരം രൂപ അടയ്ക്കാൻ ഇല്ലാതെ സിസി മാസം 2700 രൂപ അടയ്ക്കാൻ കഴിയാതെ  ഫിനാൻസുകാർ കൊണ്ട് പോയ ട്വിസ്റ്റ്ർ ബൈക്കും പിന്നീട് ഇൻഷുറൻസ് പോലും എടുക്കാതെ സിസി അടയ്ക്കാതെ കൊണ്ട് നടന്ന ഒരു i20 കാറും പിന്നീട് ബിഗ് ബോസ് കഴിഞ്ഞു ഇറങ്ങിയപ്പോൾ നഷ്ടപ്പെട്ട സിബൽ സ്കോർ തിരികെ പിടിക്കുക ആയിരുന്നു.

രണ്ട് ലക്ഷം കാർഷിക വായ്പ പലിശ സഹിതം റവന്യു റിക്കവറി ചാർജ് ഉൾപ്പെടെ 5.7ലക്ഷം അടച്ചു ക്ലോസ് ചെയ്തു. 7000രൂപ പെന്റിങ്  45000അടച്ചു ക്ലോസ് ചെയ്തു. 15,000 ക്രെഡിറ്റ്‌ കാർഡ് ഒന്നെകാൽ ലക്ഷം അടച്ചു ക്ലോസ് ചെയ്തു. 30000 രൂപയുടെ ഫോൺ എടുക്കാൻ ലോൺ തരാതിരുന്ന ബാങ്ക് ഇപ്പോൾ  അൻപത് ലക്ഷം ക്യാഷ് ലോണ് തരാം എന്ന് പറഞ്ഞു പുറകെ നടക്കുന്നു. 

പണം ഇല്ലെങ്കിലും വ്യക്തിത്വം ഉണ്ടായത് കൊണ്ട് എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു കുടുബവും നാടും ഉപേക്ഷിച്ചു ഒറ്റയ്ക്ക് പട വെട്ടി കയറി എനിക്ക് നിങ്ങളുടെ കമന്റോ അല്ലെങ്കിൽ പരിഹാസ വീഡിയയോ ബാധിക്കും എന്ന് നിങ്ങൾ കരുതിയാൽ ഞാൻ പൊട്ടിച്ചിരിക്കും. ചെളിയിൽ നിന്നും വാരി എടുത്തു ചൂളയിൽ ചുട്ടു പഴുപ്പിച്ചു ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു ശോഭിച്ച സ്വർണത്തെ കരി കൊണ്ട് മായ്ക്കാൻ നോക്കിയാൽ ആ കരിയുടെ ആയുസ് ഒന്ന് കഴുകുന്നത് വരെ മാത്രം.

NB: ആദ്യ ചിത്രം 2013ലെ എന്റെ ഫേസ്ബുക് പോസ്റ്റ്‌ അന്ന് ഞാനത് പറഞ്ഞപ്പോൾ ലൈക് 13.. ശേഷം സംഭവിച്ചത് നിങ്ങൾക് അറിയാം..

രണ്ട് : ഫേസ്ബുക് അൽഗോരിതത്തിന് വേണ്ടി

മൂന്ന്: നിങ്ങൾ അവസാനം കണ്ട ഇന്റർവ്യൂ വിന് എനിക്ക് നൽകിയ തുക, ബാലൻസ് ക്യാഷ്

ENGLISH SUMMARY:

Akhil Marar has stirred debate by claiming he can make "one lakh rupees in one hour," positioning it as a significant differentiator. The reality star provided insights into his earnings, sparking discussion on his financial standing.