jayasurya-actor

 ജയസൂര്യയുടെ ഫോട്ടോ എടുക്കരുതെന്ന് പറഞ്ഞില്ലേ, പിന്നെന്തിനാണ് എടുത്തത് എന്ന് ചോദിച്ചാണ് നടനൊപ്പം ഉണ്ടായിരുന്നവര്‍ തന്നെ കയ്യേറ്റം ചെയ്തതെന്ന് ദേവസ്വം ഫോട്ടോഗ്രാഫര്‍ സജീവ് നായര്‍. ക്ഷേത്രത്തില്‍ വരുന്നവരുടെ ഫോട്ടോ എടുക്കാനായി ദേവസ്വം ചുമതലപ്പെടുത്തിയ ഫോട്ടോഗ്രാഫറാണെന്ന് പറഞ്ഞിട്ടും തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഇന്നുരാവിലെ എട്ടരയോടെയാണ് കണ്ണൂര്‍ കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി നടന്‍ ജയസൂര്യ എത്തിയത്.

ജയസൂര്യയുടെ ക്ഷേത്ര ദര്‍ശനത്തിന്‍റെ ചിത്രങ്ങളെടുക്കാന്‍ ദേവസ്വം ആവശ്യപ്പെട്ടത് പ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തതെന്നാണ് വിവരം. ഇതിനിടിയിലാണ് ഒപ്പമുള്ളവര്‍ കയ്യേറ്റം ചെയ്തത്. പുറത്തുവന്ന വിഡിയോയില്‍ താന്‍ ദേവസ്വം ഫോട്ടോഗ്രാഫറാണെന്ന് സജീവ് പറയുന്നത് വ്യക്തമായി കേള്‍ക്കാം. അപ്രതീക്ഷിതമായി കണ്ട നടന്റെ ഫോട്ടോ എടുക്കാനായി ഭക്തരും തിങ്ങിക്കൂടുന്നുണ്ടായിരുന്നു. ഇതിനിടെയാണ് സജീവിനു മര്‍ദനമേറ്റത്. കാമറ ലെന്‍സ് പിടിച്ചുതിരിക്കുകയും വയറിനിട്ട് ഇടിക്കുകയും ചെയ്തതായി സജീവ് പറഞ്ഞു.

മര്‍ദനത്തിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യമുണ്ടായ സജീവ് ആശുപത്രിയില്‍ ചികിത്സ തേടി. തന്നെ മര്‍ദിച്ചവരെ കണ്ടാലറിയാമെന്നും നടനൊപ്പമുള്ളവരാണെന്നും സജീവ് പറയുന്നു. ഈ സംഭവം ജയസൂര്യ അറിഞ്ഞോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാനും നടന്‍ തയ്യാറായിട്ടില്ല. ജയസൂര്യ കടന്നുപോയതിനു പിന്നാലെയാണ് ദേവസ്വം ഫോട്ടോഗ്രാഫറായ സജീവിനെ സംഘം മര്‍ദിച്ചത്.

ENGLISH SUMMARY:

“Devaswam photographer Sajeev Nair said that it was the people accompanying actor Jayasurya who assaulted him, asking why he had taken photos even after being told not to. He said that despite explaining that he was the photographer appointed by the Devaswom to take pictures of the devotees visiting the temple, he was beaten up. The incident took place this morning around 8:30 when actor Jayasurya arrived for darshan at the Kottiyoor temple in Kannur.”