• 'ഫെസ്റ്റിവലിന് വേണ്ടി നിര്‍മ്മിക്കുന്നതെന്നാണ് പറഞ്ഞത് '
  • 'തെറിയില്ലാത്ത വെര്‍ഷന്‍ ഡബ് ചെയ്തിരുന്നു'
  • 'IFFKയില്‍ കാണിച്ചത് തെറിയില്ലാത്ത വെര്‍ഷനാണ് '

ചുരുളി സിനിമ വിവാദത്തില്‍ ഏറ്റുമുട്ടി നടന്‍ ജോജു ജോര്‍ജും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. ലിജോയ്ക്ക് മറുപടിയുമായി ജോജു രംഗത്തെത്തി. ചിത്രം ഫെസ്റ്റിവലിന് വേണ്ടി നിര്‍മ്മിക്കുന്നതെന്നാണ് പറഞ്ഞത്. തെറിയില്ലാത്ത വെര്‍ഷന്‍ ഡബ് ചെയ്തിരുന്നു. ഐഎഫ്എഫ്‌കെയില്‍ കാണിച്ചത് അതാണ്. പൈസ കൂടുതല്‍ ലഭിച്ചപ്പോള്‍ തെറി വെര്‍ഷന്‍ ഒടിടിക്ക് വിറ്റെന്നും ജോജു കൊച്ചിയില്‍ പറഞ്ഞു. 

താന്‍ ഒപ്പിട്ട കരാര്‍ ലിജോ പുറത്ത് വിടണമെന്നും ജോജു ജോര്‍ജ് ആവശ്യപ്പെട്ടു. അതേസമയം താന്‍ സിനിമയ്ക്കും കഥാപാത്രത്തിനും ലിജോയ്ക്കും എതിരല്ലെന്നും താരം പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ചുരുളി റിലീസാകുന്നതെന്നും ജോജു പറയുന്നു. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ താറുമാറായി രക്ഷപ്പെട്ട് വരുന്ന സമയമായിരുന്നു. ഒരു മാസം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ഇതാണ്. എന്റെ തെറിവച്ചിട്ടാണ് തെറി മാര്‍ക്കറ്റ് ചെയ്തതെന്നും ജോജു. Also Read: 'ജോജുവിനെ തെറ്റിദ്ധരിപ്പിച്ചില്ല'; മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരി

പ്രതിഫലം തന്റെ വിഷയമല്ലെന്നും വ്യക്തി ജീവിതത്തെ പോലും ബാധിച്ചെന്നും ജോജു. മകളില്‍ നിന്നും കേട്ട സങ്കടകരമായ കാര്യമാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ കാരണമായത്. ഫെസ്റ്റിവലിന് വേണ്ടി നിര്‍മ്മിക്കുന്ന സിനിമ എന്നാണ് പറഞ്ഞത്. എനിക്കെതിരെ കേസ് വന്നപ്പോള്‍ പോലും ആരും വിളിച്ചില്ല. ലിജോ പോലും വിളിച്ചില്ലെന്നും ജോജു ജോര്‍ജ് പറഞ്ഞു. പൈസ കിട്ടിയില്ലെന്ന് പറഞ്ഞത് പൈസ കിട്ടാത്തതിനാലാണ്. 

ലിജോ പുറത്ത് വിട്ട തുണ്ട് കടലാസിന്റെ കൂടെ ഞാന്‍ ഒപ്പിട്ട കരാര്‍ കൂടെ പുറത്ത് വിടണം എന്നും ജോജു പറയുന്നു. മൂന്ന് ദിവസമല്ല ഷൂട്ടിങ് ഉണ്ടായിരുന്നതെന്നും ജോജു പറഞ്ഞു.

ജോജുവിന് മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരി

ജോജുവിന്റെ ചുരുളി പരാമര്‍ശത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഏറെ ചര്‍ച്ച ചെയ്യുപ്പെടുകയും ജനശ്രദ്ധയാക്ര‍ഷിക്കുകയും ചെയ്ത ചിത്രമാണ് ചുരുളി. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന തെറി പദങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു.

എന്നാല്‍ ഈയിടെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് സനിമയ്ക്കെതിരെ പരാമര്‍ശങ്ങളുമായി എത്തിയിരുന്നു. അന്ന് ചിത്രത്തിന് രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ തന്നോട് പറയാതെയാണ് തെറി പറയുന്ന ഭാഗം റിലീസ് ചെയ്തതെന്നും ജോജു പറഞ്ഞിരുന്നു.

''തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാന്‍ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല'' എന്നിങ്ങനെയായിരുന്നു ജോജു പ്രതികരിച്ചത്.

എന്നാല്‍ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിച്ചില്ലെന്നും ഇനി അവസരം ലഭിക്കുകയാണെങ്കില്‍ ചുരുളി ഉറപ്പായും തിയറ്ററില്‍ റിലീസ് ചെയ്യുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും കമ്മിറ്റിയെ വെച്ചന്വേഷിച്ച ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന്‌ കൊടുത്ത ശമ്പള വിവരങ്ങളും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ENGLISH SUMMARY:

Actor Joju George breaks silence over Churuli controversy, accusing director Lijo Jose Pellissery of misrepresentation. He claims a clean version was originally dubbed for festivals and demands the release of the full contract.