ബാലതാരമായി മലയാള സിനിമയില്‍ തിളങ്ങിയ വിഘ്നേഷ് വാഹനാപകടം മായ്ച്ചുകളഞ്ഞ ഓര്‍മകളില്‍ നിന്ന് പൊരുതി നേടിയത് ഇംഗ്ലീഷ് ബിരുദം. കുബേരന്‍ സിനിമയില്‍ ദിലീപിനൊപ്പം അഭിനയിച്ച് തിളങ്ങിയ വിഘ്നേഷ് നിരവധി മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുണ്ട്. 2016 ഡിസംബര്‍ 31ന് ആണ് വിഘ്നേഷ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. എട്ടുമാസം അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിഘ്നേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഓര്‍മകള്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ച്ചായ ചികിത്സയിലൂടെയാണ് വിഘ്നേഷ് ഓര്‍മകളിലേക്ക് പതിയെ തിരിച്ചെത്തിയത്.
അങ്കമാലി ഫിസാറ്റില്‍ നിന്ന് ബിടെക്ക് പൂര്‍ത്തിയാക്കിയ വിഘ്നേഷ് ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു കോഴിക്കോട് കാരപ്പറമ്പ് വെച്ചയായിരുന്നു അപകടം. ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ വിഘ്നേഷിന്‍റെ തലച്ചോറിന് ക്ഷതമേറ്റു. ഇതോടെ ഓര്‍മകള്‍ മാഞ്ഞു. പിന്നീട് അതിജീവിനത്തിന്‍റെ പാതയിലൂടെ സഞ്ചരിച്ച് വിഘ്നേഷ് തിരിച്ചുകയറിയെങ്കിലും ആരോഗ്യം പൂര്‍ണമായും ഇപ്പോഴും ശരിയായിട്ടില്ല. തുടര്‍ന്ന് വാശിയോടെ പഠിച്ചാണ് ബിഎ ഇംഗ്ലീഷില്‍ ബിരുദം കരസ്ഥമാക്കിയിരിക്കുന്നത്. ഇഗ്നനോയിലായിരുന്നു പഠനം. പഠിച്ചത് മറന്ന് പോവുമെങ്കിലും വീണ്ടും വീണ്ടും പഠിച്ച് പരീക്ഷകളില്‍ വിജയിച്ചു.
ഈ മാസം ഫലം വന്നപ്പോള്‍ 55 ശതമാനം മാര്‍ക്കോടെ വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് വിഘ്നേഷ്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന സിനിമയിലെ കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിഘ്േനഷ് ആണ്. നിര്‍മാതാവ് ശത്രുഘ്നനാണ് വിഘ്‌നേശിനെ എംടിക്ക് പരിചയപ്പെടുത്തിയത്. കണ്ടമാത്രയില്‍ കണ്ണനായി വിഘ്നേശ് തന്നെ മതിയെന്നായി എംടി. ഇതോടെ ചെറുകഥകളെ അടിസ്ഥാനമാക്കിയ പരമ്പരയില്‍ എംടിയുടെ ബാല്യകാലവും വിഘ്നേശ് അവതരിപ്പിച്ചു.
പുലര്‍വെട്ടം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മധുരനൊമ്പരകാറ്റ്, ഇങ്ങനെയൊരു നിലാപക്ഷി, നമ്മള്‍ തുടങ്ങീ 12 സിനിമകളിലും 20 ഓളം സീരിയലുകളിലും വിഘ്നേഷ് അഭിനയിച്ചിട്ടുണ്ട്. കുബേരനില്‍ വിഘേനശിനൊപ്പം അഭിനയിച്ച കീര്‍ത്തി സുരേഷ് ഇപ്പോള്‍ തെന്നിന്ത്യേന്‍ സൂപ്പര്‍താരമാണ്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ വിഘ്നേശ് ബോക്സിങ് താരം കൂടിയായിരുന്നു.