jeeva

സോഷ്യല്‍ മീഡിയയില്‍ സ്ഥിരം ട്രോളുകള്‍ ഏറ്റുവാങ്ങാറുള്ളതാണ് അമല്‍, വിഷ്​ണു, അഖില്‍ മുതലായ ചില പേരുകള്‍. എഐ വിഡിയോ പ്രചാരത്തിലായതോടെ ഇവരെ എഐ വിഡിയോകളായും ട്രോളുകയാണ് സോഷ്യല്‍ മീഡിയ. വാര്‍ത്ത വായിക്കുന്ന തരത്തിലാണ് ട്രോളുകളില്‍ മിക്കതും പുറത്തുവരുന്നത്. 

ഇത്തരം ട്രോളുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഭിനേതാവും അവതാരകനുമായ ജീവ. അമലിനേയും വിഷണുവിനേയും അഖിലിനേയും എഐ വഴി കളിയാക്കുന്നത് നിര്‍ത്തണമെന്നും ഇത് തന്‍റെ മുന്നറിയിപ്പാണെന്നും ജീവ പറഞ്ഞു. എഐ കൈക്കുമ്പിളിലുണ്ടെന്ന് കരുതി എന്ത് ചെയ്യാമെന്ന് കരുതരുതെന്നും ശക്തമായി പ്രതികരിക്കുമെന്നും ജീവ പറഞ്ഞു. 

ഇതില്‍ തനിക്കെന്താണ് കാര്യമെന്ന് അത് അറിയാവുന്നവര്‍ക്ക് അറിയാമെന്നും ജീവ പറഞ്ഞു. വിഡിയോ കണ്ട് അമ്പരന്നവര്‍ക്ക് ഒടുവില്‍ കമന്‍റില്‍ തന്നെ ഉത്തരം കിട്ടി. ജീവയുടെ ഔദ്യോഗിക പേര് അഖിലെന്നാണ്. കമന്‍റിലൂടെ ജീവ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ട്രോളുകള്‍ കൊള്ളുന്നത് ജീവക്ക് കൂടിയാണെന്ന് സാരം. രസകരമായ വിഡിയോ സോഷ്യല്‍ മീഡിയ എന്തായാലും ഏറ്റെടുത്തിരിക്കുകയാണ്. 

ജീവയുടെ വാക്കുകള്‍: വളരെ സീരിയസായ കാര്യമാണ് പറയാനുള്ളത്. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി, അല്ല മാസങ്ങളായി തുടങ്ങിയിരിക്കുകയാണ്. ആദ്യമൊക്കെ അത് പോസ്റ്റ് ആയിരുന്നു. ഇപ്പോള്‍ അത് എഐ വിഡിയോസ് ആയി തുടങ്ങിയിട്ടുണ്ട്. കുളിക്കടവില്‍ ഒളിഞ്ഞുനോക്കി, മറ്റവന്‍ മറ്റത് ചെയ്തു എന്നൊക്കെ പറഞ്ഞ് വിഷ്ണുവിനേയും അമലിനേയും അഖിലിനേയും കളിയാക്കുന്നു. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇതില്‍ എനിക്കെന്ത് കാര്യമെന്ന്? അറിയുന്നവര്‍ക്ക് അറിയാം ഇതില്‍ എനിക്കെന്ത് കാര്യമെന്ന്. നിര്‍ത്തിക്കോ. വിഷ്ണുവിനേയും അമലിനേയും അക്ഷയ്​യുമൊക്കെ നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോ. എനിക്ക് പ്രശ്നമില്ല, പക്ഷേ അവര്‍ക്ക് വേണ്ടി കൂടിയാണ് ഞാന്‍ സംസാരിക്കുന്നത്. എഐ നമ്മുടെ കൈക്കുമ്പിളില്‍ ഉണ്ടെന്ന് കരുതി അത് വല്ലാതാക്കരുത്. ഇതിനെതിരെ ഞങ്ങള്‍ ശക്തമായി പ്രതികരിക്കും. 

ENGLISH SUMMARY:

Actor and presenter Jeeva has responded to the constant trolling of common names like Amal, Vishnu, and Akhil on social media. He warned against the use of AI to mock individuals with such names and urged people to stop this behavior.