ഏറെ പ്രതീക്ഷയോടെ വന്ന് തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞ ചിത്രമാണ് ഗെയിം ചേഞ്ചര്‍. നായകനായി രാം ചരണ്‍, നായിക ബോളിവുഡ് താരം കിയാര അദ്വാനി, വമ്പന്‍ ബജറ്റ്, ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്‍റെ സംവിധാനം. സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചില്ല. എന്നാല്‍ സിനിമ വമ്പന്‍ പരാജയമാവുകയണുണ്ടായത്. 400 കോടി മുടക്കിയ ചിത്രം 186 കോടി മാത്രമാണ് നേടിയത്.
ചിത്രത്തിന്‍റെ പരാജയത്തെ പറ്റി സംസാരിക്കുകയാണ് നിര്‍മാതാവ് ദില്‍ രാജു. ഗെയിം ചേഞ്ചര്‍ തനിക്ക് സംഭവിച്ച തെറ്റാണെന്നും നിര്‍മാതാവെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ദില്‍ രാജു പറഞ്ഞു. ഇത്തരമൊരു പ്രൊജക്ട് എടുക്കാന്‍ പാടില്ലായിരുന്നുവെന്നും എം9 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ദില്‍ രാജു പറഞ്ഞു.
'വലിയ സംവിധായകരുമായി വര്‍ക്ക് ചെയ്യുമ്പോള്‍ നിരവധി പ്രശ്നങ്ങള്‍ വരും. എനിക്ക് മാത്രമല്ല, എല്ലാവര്‍ക്കും. സിനിമ നാലര മണിക്കൂര്‍ ഉണ്ടായിരുന്നു എന്ന എഡിറ്ററിന്‍റെ പ്രസ്താവന സത്യമാണ്. വലിയ സംവിധായകരുമായി വര്‍ക്ക് ചെയ്യുമ്പോള്‍ അങ്ങനെയൊക്കെ സംഭവിക്കും.
എന്തെങ്കിലും തെറ്റായി സംഭവിക്കുമ്പോള്‍ അത് നിര്‍ത്തുക എന്നത് നിര്‍മാതാവിന്‍റെ ഉത്തരവാദിത്തമാണ്. എന്നാല്‍ എനിക്ക് അതിന് സാധിച്ചില്ല. അതെന്‍റെ പരാജയമാണ്. അത് ഞാന്‍ അംഗീകരിക്കണം, അത്തരമൊരു പ്രൊജക്ട് എടുക്കാന്‍ പാടില്ലായിരുന്നു. ഗെയിം ചേഞ്ചര്‍ ഒരു തെറ്റായിരുന്നു. എന്‍റെ നിലപാടുകള്‍ കൃത്യമായി കോണ്‍ട്രാക്ടില്‍ പറയണമായിരുന്നു. എന്നാല്‍ കഴിഞ്ഞില്ല. ഇതെനിക്ക് പറ്റിയ ആദ്യത്തെ തെറ്റാണ്. അത് അംഗീകരിച്ച് മുന്നോട്ട് പോവുകയാണ്,' ദില്‍ രാജു പറഞ്ഞു.