ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തി എട്ടു നിലയില്‍ പൊട്ടി പാളീസായ ചിത്രമായിരുന്നു ശങ്കറിന്‍റെ ഗെയിം ചെയ്ഞ്ചര്‍. രാം ചരണ്‍ നായകനായ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് ഒരുങ്ങിയത്. എന്നാല്‍ പറഞ്ഞ് പഴകിയ തിരക്കഥയും ക്ലീഷേ അവതരണവും മൂലം ഇതൊരു ശങ്കര്‍ ചിത്രം തന്നെയാണോ എന്ന് പ്രേക്ഷകര്‍ ചോദിച്ചു. തിയറ്ററിൽ തകർന്നു പോയ ‘ഇന്ത്യൻ 2’ന്റെ സമാനശൈലിയിൽ തന്നെയാണ് ഗെയിം ചേഞ്ചറിന്റെ മേക്കിങ് എന്നായിരുന്നു പ്രധാന വിമർശനം. ഇപ്പോഴിതാ ചിത്രം എഡിറ്റ് ചെയ്യാന്‍ പോയ അനുഭവം പറയുകയാണ് എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.
ശങ്കറില്‍ നിന്ന് തനിക്ക് മോശം അനുഭവമാണ് ഉണ്ടായതെന്നും താന്‍ എഡിറ്റ് ചെയ്യുമ്പോൾ ഏഴര മണിക്കൂറുണ്ടായിരുന്നു ഗെയിം ചെയ്ഞ്ചറെന്നും. അത് മൂന്നര മണിക്കൂറാക്കിയെന്നും 350 ദിവസത്തോളം ചെന്നൈയിൽ ഈ ചിത്രത്തിനായി പോയി നിന്നിട്ടുണ്ടെന്നും എന്നാല്‍ തുടക്കം മുതലെ മോശമായിരുന്നു അനുഭവമെന്നും ഷമീർ മുഹമ്മദ് പറയുന്നു
ഷമീറിന്‍റെ വാക്കുകള്‍
‘ഗെയിം ചെയ്ഞ്ചർ സിനിമ എഡിറ്റ് ചെയ്യാനും എനിക്ക് അവസരം വന്നിരുന്നു. അൻപറിവുമായുള്ള സൗഹൃദത്തിലൂടെയാണ് ആ സിനിമ വന്നത്. ഞാൻ അസിസ്റ്റ് ചെയ്യുന്ന കാലം മുതൽ അവരെ എനിക്ക് പരിചയമുണ്ട്. എഡിറ്ററെ സജസ്റ്റ് ചെയ്യാനുണ്ടോയെന്ന് ശങ്കർ സാർ ചോദിച്ചപ്പോൾ അവർ എന്‍റെ പേര് പറയുകയായിരുന്നു. പക്ഷെ ഞാൻ ആ സിനിമ പൂർത്തിയാക്കിയില്ല. എന്‍റെ പേര് പടത്തിലുണ്ട്. ഒരു കൊല്ലം കൊണ്ട് തീരുമെന്ന് കരുതിയ പടം മൂന്ന് കൊല്ലം പോയി. ഇനിയും ആറ് മാസം കൂടി നിൽക്കേണ്ടി വരുമെന്ന് തോന്നി. മാർക്കോ, രേഖാചിത്രം, എആർഎം എന്നീ മലയാള ചിത്രങ്ങളും എനിക്കുണ്ടായിരുന്നു . അവയുടെ റിലീസ് മുന്നില്‍ കണ്ട് അത് വിട്ട് ഞാൻ ഇവിടേക്ക് വന്നു.