modi-sitare-zameen-par

 'ആമിര്‍ ഖാന്‍റെ ശക്തമായ തിരിച്ചുവരവ്' അതായിരുന്നു ജൂണ്‍ 20ന് റിലീസ് ചെയ്ത സിതാരെ സമീന്‍ പര്‍ എന്നാണ് ആരാധകരുടെയും സിനിമാ നിരീക്ഷകരുടെയും പ്രസ്താവന. 2007ല്‍ ഇറങ്ങി പ്രശംസ നേടിയ താരേ സമീന്‍ പറിന്‍റെ പേരിനോടുള്ള സാമ്യം തന്നെ സിനിമയുടെ ഹൈപ്പിന് കാരണമായിരുന്നു. സിനിമ ഇതിനോടകം നൂറ് കോടി ക്ലബും കടന്നു. എന്നാല്‍ റിലീസിന് മുന്നേ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡുമായി നന്നായിത്തന്നെ‍ കൊമ്പുകോര്‍ത്തിരുന്നു. കട്ടും വെട്ടുമായി സിനിമയില്‍ പല ഭാഗങ്ങള്‍ ഒഴിവാക്കുകയും പുതിയ ഭാഗങ്ങള്‍ ചേര്‍ക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു പ്രസ്താവന സിനിമയില്‍ ചേര്‍ക്കാന്‍ സെന്‍സര്‍ബോര്‍ഡ് സിനിമയുടെ അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെന്നും പിന്നീട് സെന്‍സര്‍ബോര്‍ഡിന്‍റെ ആവശ്യത്തിന് വഴങ്ങി അത് ചെയ്തെന്നതുമാണ് പുതിയ റിപ്പോര്‍ട്ട്. 2047ലെ സ്വാതന്ത്ര്യത്തിന്‍റെ നൂറ് വര്‍ഷങ്ങളെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവനയാണ് സിനിമയില്‍ ചേര്‍ത്തത്.‌ സെന്‍സര്‍ ബോര്‍ഡിന്‍റെ ആവശ്യം അംഗീകരിക്കാതെ സെര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല എന്നതിനാലാണ് അണിയറപ്രവര്‍ത്തര്‍ ഈ ആവശ്യത്തിന് വഴങ്ങിയത്.

മോദിയുടെ പ്രസംഗം ചേര്‍ത്തതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡ് രാഷ്ട്രീയ അജന്‍ഡകള്‍ സിനിമയില്‍ നിര്‍ബന്ധിച്ച് ചേര്‍ത്ത് അഭിപ്രായസ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. മുന്‍പ് സിനിമയില്‍ 'താമര' എന്നര്‍ഥമുള്ള 'കമല്‍' എന്ന വാക്ക് ഒഴിവാക്കിയതിനെക്കുറിച്ച് വാര്‍ത്ത പുറത്തുവന്നിരുന്നു. ഇത് ദൃശ്യങ്ങളില്‍ നിന്നും സബ്ടൈറ്റിലുകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. സമാനമായ രീതിയില്‍ 'ബിസിനസ് വുമണ്‍' എന്ന വാക്ക് 'ബിസിനസ് പഴ്സണ്‍' എന്നും 'മൈക്കിള്‍ ജാക്സണ്‍' എന്ന വാക്ക് 'ലൗബേര്‍ഡ്സ്' എന്നുമാക്കിയിരുന്നു. 30 സെക്കന്‍ഡുള്ള സിനിമയുടെ തുടക്കത്തിലെ ഡിസ്ക്ലെയിമര്‍ 26 സെക്കന്‍ഡുകളാക്കി ചുരുക്കിയിയതും മാറ്റമാണ്.

ENGLISH SUMMARY:

Aamir Khan's recently released film "Sitare Zameen Par," which has crossed the ₹100 crore mark and is being hailed as his strong comeback, faced significant controversy with the Censor Board. Reports indicate that the filmmakers were compelled to include a statement by Prime Minister Narendra Modi about India's 100 years of independence in 2047 to secure certification. This move, along with earlier changes like replacing "Kamal" (lotus), "businesswoman" with "business person," and "Michael Jackson" with "lovebirds," has sparked criticism about the Censor Board's alleged political agenda and its impact on freedom of expression in cinema.