പ്രിയ സുഹൃത്ത് മമിത ബൈജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ സംഗീത് പ്രതാപ്. അരികില്ലെങ്കിലും എപ്പോഴും ഒപ്പമുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ‘അമല്‍ ഡേവിസ്’ ‘റീനു’വിന് ആശംസ നേര്‍ന്നിരിക്കുന്നത്.
‘ഇത് നിന്‍റെ ദിവസമാണ്. ഇതാണ് എന്‍റെ സന്തോഷം. ഇത്തവണ ഞാന്‍ നിന്‍റെ അരികില്ല. പക്ഷേ നിന്‍റെ ഓരോ നിശ്വാസത്തിലും ഞാന്‍ ഉണ്ടാകും, പിന്നിലല്ല മുന്നിലുമല്ല മറിച്ച് നമ്മള്‍ എപ്പോഴും കണ്ടുമുട്ടുന്നയിടത്ത്. നിനക്ക് എന്താണോ വേണ്ടത് അതിനായി നീ നിന്‍റേതായ സമയമെടുക്കുക...ഹാപ്പി ബര്‍ത്ത്ഡേ പ്രിയപ്പെട്ടവളേ’ എന്നായിരുന്നു സംഗീതിന്‍റെ വാക്കുകള്‍. സൂര്യന് ചുറ്റുമുള്ള മറ്റൊരു യാത്രയിലാണ് മമിതയെന്നും താമസിയാതെ ഒരേ ആകാശത്തിന് കീഴില്‍ തങ്ങള്‍ വീണ്ടും ഒത്തുകൂടുമെന്നും സംഗീത് കുറിച്ചു.
എഡിറ്ററായി മലയാളസിനിമയിലേക്ക് വന്ന് അഭിനേതാവായി മാറിയ സംഗീത് പ്രതാപ് ചുരുക്കം സിനിമകളിലൂടെ തന്നെ പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ്. ‘പ്രേമലു’വില്‍ മമിതയുടെ റീനുവും സംഗീതിന്‍റെ അമല്‍ ഡേവിസും തമ്മിലുള്ള കൂട്ടുകെട്ട് കയ്യടി നേടിയിരുന്നു. മമിത അടുത്ത സുഹൃത്താണെന്നും തനിക്ക് പെങ്ങളെപ്പോലെയാണെന്നും പല അഭിമുഖങ്ങളിലും സംഗീത് പറഞ്ഞിട്ടുണ്ട്.