churuli

ഏറെ ജനശ്രദ്ധ നേടുകയും വിവാദമാവുകയും ചെയ്ത സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി. ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ തെറിപ്രയോഗങ്ങളാണ് വിവാദത്തിന് കാരണമായത്. അന്ന് രണ്ട് പതിപ്പുകളുണ്ടായിരുന്നുവെന്നും തെറി പറയുന്ന ഭാഗം തന്നോ‌ട് പറയാതെയാണ് റിലീസ് ചെയ്തതെന്നും ജോജു പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രെസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോജുവിന്‍റെ പരാമര്‍ശങ്ങള്‍. 

''തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാന്‍ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല.

അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല. അതില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഞാനത് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ആരും എന്നെ വിളിച്ച് ചോദിച്ചില്ല, മര്യാദയുടെ പേരില്‍ പോലും. പക്ഷെ ഞാന്‍ ജീവിക്കുന്ന എന്റെ നാട്ടില്‍ അതൊക്കെ വലിയ പ്രശ്‌നമായി. നന്നായി തെറി പറയുന്ന നാടാണ്. പക്ഷെ ഞാന്‍ പറഞ്ഞത് പ്രശ്‌നമായി,' ജോജു പറഞ്ഞു. 

ENGLISH SUMMARY:

The film Churuli, directed by Lijo Jose Pellissery, attracted significant public attention and controversy upon its release. Featuring actors Joju George, Vinay Forrt, Jaffer Idukki, and Chemban Vinod in lead roles, the controversy centered around the explicit language used in the film. Joju George later revealed that there were two versions of the film and that the version released included strong language without informing him beforehand.