തെലുങ്ക് താരം വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്. ആദിവാസി വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തിനാണ് പട്ടികജാതി/ പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമപ്രകാരം കേസെടുത്തത്.
കഴിഞ്ഞ ഏപ്രിലിലാണ് വിജയ് ദേവരകൊണ്ട അധിക്ഷേപ പരമാര്‍ശം നടത്തിയത്. സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് സംഭവം നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ 'ഭീകരര്‍ 500 വര്‍ഷം മുമ്പുള്ള ആദിവാസികളെ പോലെ മസ്തിഷ്‌കമോ സാമാന്യബോധമോ ഉപയോഗിക്കാതെ പോരാടുകയാണ്' എന്നാണ് താരം പറഞ്ഞത്.
തുടര്‍ന്ന് ജൂണ്‍ 17-ന് വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ട്രൈബല്‍ കമ്യൂണിറ്റീസിന്റെ സംസ്ഥാന പ്രസിഡന്റ് നേനാവത് അശോക് കുമാര്‍ നായിക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാമര്‍ശം വിവാദമായതിന് പിന്നാലെ വിജയ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഒരു സമുദായത്തേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശമെന്നും അവര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അവരെ താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.