മകള്‍ അലീഷയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ റഹ്മാന്‍. രണ്ടാമത്തെ മകള്‍ അലീഷയുടെ ജന്മദിനത്തിനാണ് താരം ഹൃദയസ്പര്‍ശിയായ കുറിപ്പോടെ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്്. ‘ നീ വളരുന്നത് കാണുന്നത് ഞങ്ങളുടെ ഏറ്റവും വലിയ കൗതുകമാണ്. എന്‍റെ കുഞ്ഞുമാലാഖയ്ക്ക് ജന്മദിനാശംസകള്‍’ എന്നാണ് താരം കുറിച്ചത്. മകള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും റഹ്മാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
സംഗീത ഇതിഹാസം എ.ആർ. റഹ്മാന്റെ അനന്തരവള്‍ കൂടിയായ അലീഷ റഹ്മാന്‍ അച്ഛന്‍റെ പാതയില്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. മണിരത്നത്തിന്‍റെ സംവിധാന സഹായിയായി 'തഗ് ലൈഫ്' എന്ന സിനിമയില്‍ അലീഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില ഷോര്‍ട് ഫിലിമുകളിലും അലീഷ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍റെ വിജയ തട്ടകമായ മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിക്കാനുള്ള ആഗ്രഹവും നേരത്തെ അലീഷ പങ്കുവെച്ചിട്ടുണ്ട്. റുഷ്ദ, അലീഷ എന്നീ രണ്ട് പെണ്‍മക്കളാണ് റഹ്മാന്.