മമ്മൂട്ടി, ശ്വേത മേനോന്‍, മൈഥിലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്‍റെ കഥ'. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി മൂന്ന് വേഷത്തിലാണ് അഭിനയിച്ചത്. ചിത്രത്തിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവക്കുകയാണ് ശ്വേത മേനോന്‍.
താന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ചീരുവിനെ മമ്മൂട്ടിയുടെ അഹമ്മദ് ഹാജി കാണുന്ന രംഗത്തെ പറ്റിയാണ് ശ്വേത മേനോന്‍ പറഞ്ഞത്. മനുഷ്യനെന്ന നിലയില്‍ മമ്മൂട്ടി ഒരുപാട് വളര്‍ന്നുവെന്നും അദ്ദേഹം പുതിയ തലമുറയ്ക്ക് വേണ്ടതെന്തെന്ന് ശ്രദ്ധിക്കുമെന്നും വണ്‍ ടു ടോക്ക്സിന് നല്‍കിയ അഭിമുഖത്തില്‍ ശ്വേത മേനോന്‍ പറഞ്ഞു.
'മമ്മൂക്ക വളരെ കംഫർട്ട് തരുന്ന ആർട്ടിസ്റ്റാണ്. ഞാൻ സീനിയറാണ്, നിങ്ങൾ തെറ്റ് ചെയ്തു എന്ന തരത്തിൽ പെരുമാറുന്ന ആളല്ലെന്ന് ശ്വേത പറയുന്നു. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് പരാമർശം. പാലേരി മാണിക്യത്തിൽ മമ്മൂക്കയുടെ കഥാപാത്രത്തെ ചീരു കാണാൻ വരുന്ന സീനുണ്ട്. ബ്ലൗസ് ഇട്ടിട്ടുണ്ട്. കാലുയർത്തി വിരലിട്ട് ബ്ലൗസ് പൊട്ടിക്കണം. മമ്മൂക്ക വരുന്നതിനുമുമ്പ തന്നെ ക്ലോസപ്പും ഫീലിങും എക്സ്പ്രഷനും എല്ലാമെടുത്തു. ഞാൻ വെറുതെ നിന്നാൽ മതി. കാൽ പൊന്തിക്കുന്ന ഷോട്ട് മാത്രം കിട്ടിയാൽ സീൻ കഴിഞ്ഞു.
മമ്മൂക്ക വന്നിരുന്നു, ആ സീൻ ചെയ്യാമെന്ന് പറഞ്ഞു. 'ശ്വേത, ഒറ്റ വലി ഉണ്ടാകും' എന്ന് മമ്മൂക്ക പറഞ്ഞു. അത് നമ്മള്‍ തീരെ പ്രതീക്ഷിച്ചില്ല. നേരത്തെ ചെയ്തതെല്ലാം മാറ്റിവച്ചു, ഫുള്‍ഷോട്ട് മമ്മൂക്ക ചെയ്തു. അനശ്വരത്തിലെ മമ്മൂക്ക അല്ല പാലേരി മാണിക്യത്തിലെ മമ്മൂക്ക. ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹവും വളർന്നു. ഇന്നത്തെ തലമുറയുമായി ചേർന്നുകൊണ്ടിരിക്കുകയാണ്. സീനിയറാണ്, ഭരതൻ സാറിന്റെയും അടൂർ സാറിന്റെയും കൂടെ വർക്ക് ചെയ്തു എന്ന് പറഞ്ഞ് ഇരിക്കുന്ന ആൾക്കാരല്ല അവർ. ഇന്ന് എന്താണ് വേണ്ടതെന്ന് ചിന്തിക്കുന്നു. അതാണ് മമ്മൂക്ക,' ശ്വേത മേനോന്‍ പറഞ്ഞു.