moni-bhosle

കഴിഞ്ഞ കുംഭമേളയിലെ  തിക്കിനും തിരക്കിനുമിടെ  ഒരുപാട് കണ്ണുകള്‍ ഒരേസമയം ഉടക്കിയ ഒരുമുഖമുണ്ട്. ഈ മുത്ത് ഇത്രനാള്‍ ഏത് ചിപ്പിക്കുള്ളിലായിരുന്നെന്ന് കണ്ടവര്‍ കണ്ടവര്‍ സംശയിച്ചു. വെള്ളാരം കണ്ണുള്ള ആ സുന്ദരിയുടെ മുഖം പിന്നെ സമൂഹമാധ്യമങ്ങളിലൂടെ രാജ്യം മുഴുവന്‍ കണ്ടു. കുംഭമേളയില്‍  ഒരു തെരുവു കച്ചവടക്കാരിയായെത്തിയ മധ്യപ്രദേശ്  ഇന്‍ഡോര്‍ സ്വദേശി  മോനി ഭോസ്ലെയാ‌യിരുന്നു ആ  സുന്ദരി. മാധ്യമങ്ങള്‍ ആ  ബ്രൗണ്‍ ബ്യൂട്ടിയെ  ഇന്ത്യന്‍ മൊണാലിസയെന്ന് വാഴ്ത്തി

moni

ഏല്ലാകണ്ണുകളും  തിരഞ്ഞു തുടങ്ങിയതോടെ  അവള്‍ക്ക് ഒരു മാലവില്‍പനക്കാരിയായി അധികദിവസം കുംഭമേളയില്‍ തുടരാനായില്ല.  ജനശ്രദ്ധ അവളുടെ ഉപജീവനത്തിന് തന്നെ തടസമായി. അതോടെ മോനിയെ  അച്ഛന്‍ തിരിച്ച് നാട്ടിലേക്കയച്ചു.  അവളുടെ മടക്കയാത്രയും വാര്‍ത്തകളില്‍ ഇടംനേടി. പക്ഷേ അതിന് പിന്നാലെ  മോനിയുടെ  ഭാഗ്യം തെളിഞ്ഞുതുടങ്ങി. അവളെ അണിയിച്ചൊരുക്കാനും കുടുതല്‍ സുന്ദരിയാക്കാനുമായി ആളുകള്‍ പിന്നാലെ വന്നു. ബ്രാന്‍ഡ് പ്രമോഷനുകളിലുടെയും ഇവന്‍റുകളിലെ ചീഫ് ഗസ്റ്റായും താരപരിവേഷം ലഭിച്ചു. അതിന്‍റെ ഭാഗമെന്നോണം കേരളത്തിലും മോനിയെത്തി. ബോബി ചെമ്മണ്ണൂരിന്‍റെ ജ്വല്ലറി ഉദ്ഘാടത്തിനായിരുന്നു അത്. അന്ന് മൊണാലിസ കളക്ഷന്‍ എന്ന പേരില്‍ ഒരു മാലയും ചെമ്മണ്ണൂര്‍ ജ്വല്ലറി പുറത്തിറക്കിയിരുന്നു.

അതിന് ശേഷം പലരും പറഞ്ഞത് റാണു മൊണ്ടേലിനെയാണ് ഓര്‍മ വരുന്നതെന്നും  റാണുവിനെപോലെ  സോഷ്യല്‍മീഡിയ ആഘോഷിച്ചശേഷം മോനിയെയും വലിച്ചെറിയുമെന്നായിരുന്നു. എന്നാല്‍  സോഷ്യല്‍മീഡിയ ആഘോഷത്തിനുള്ള ഉപകരണമല്ല താനെന്ന് മോനി കാണിച്ചുകൊടുത്തു. എവിടെയും ഒതുങ്ങുന്നതല്ല മോനിയുടെ ജീവിതമെന്ന് അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വിളിച്ച് പറയുന്നുണ്ട്. ഫോട്ടോഷൂട്ടുകൾ, മോഡലിംഗ് ഇതിനിടയിൽ മ്യൂസിക്കൽ വിഡിയോ, സിനിമ, ഉദ്‌ഘാടനങ്ങൾ അങ്ങനെ അങ്ങനെ തിരക്കേോടുതിരക്കാണ് മൊണാലിസക്കിപ്പോള്‍. 

monalisah-bhosle

ആഡംബരക്കാറില്‍ യാത്ര ചെയ്യുന്ന മൊണാലിസയുടെ ചിത്രം  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്യാമറാക്കണ്ണുകളെ പേടിയോടെ കണ്ട ആ പെണ്‍കുട്ടി ആദ്യമായി ഒരു മ്യൂസിക് വിഡിയോയിലുടെ സ്ക്രീനിലേക്കുമെത്തി.  ഗായകന്‍ ഉദ്കര്‍ഷ് സിങ്ങിന്‍റെ സാദ്കി എന്ന മ്യൂസിക് വിഡിയോയിലൂടെയായിരുന്നു അരങ്ങേറ്റം. 2 മില്യണ്‍ പേരാണ് ഇതിനോടകം ആ വിഡിയോ കണ്ടത്. പടവുകള്‍ അവിടെയും അവസാനിക്കുന്നില്ല .  അത് നീളുന്നത് ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്കാണ്. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ ചിത്രത്തിലാണ് ഇനി ആ വെള്ളാരം കണ്ണുകള്‍ ശോഭിക്കാന്‍ പോകുന്നത്. ദ ഡയറി ഓഫ് മണിപ്പൂർ എന്നാകും ചിത്രത്തിന്റെ പേര്. ഇനി മോനിയുടെ ആഗ്രഹം മുംബൈ എന്ന സ്വപ്ന നഗരത്തില്‍ ഒരു വീടാണ്. കാലതാമസമില്ലാതെ ആ ആഗ്രഹവും സഫലമാകട്ടെ