മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഔദ്യോഗികമായി പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ എട്ടാമത്തെ ഷൂട്ടിങ് ഷെഡ്യൂൾ അടുത്തിടെ ശ്രീലങ്കയിൽ ആരംഭിച്ച വാര്‍ത്തയും വൈറലായിരുന്നു. 

ഇപ്പോഴിതാ, ചിത്രത്തിന്‍റെ പേര് അനൗദ്യോഗികമായി പുറത്തുവന്നിരിക്കുകയാണ്.    മോഹൻലാലിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ശ്രീലങ്കൻ ടൂറിസത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇത്തരത്തില്‍ ചിത്രത്തിന്‍റെ പേര് സൂചിപ്പിച്ചിരിക്കുന്നത്.  നടന്‍റെ സന്ദർശനം 'പാട്രിയേറ്റ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്റെ ഭാഗമാണെന്നാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമ ഇതിഹാസം മോഹൻലാൽ തന്‍റെ പുതിയ മലയാള ചിത്രമായ 'പാട്രിയേറ്റി'ന് അനുയോജ്യമായ ഷൂട്ടിങ്ങ് സ്ഥലമായി  ശ്രീലങ്കയെ തെരഞ്ഞെടുത്തു, ചിത്രീകരണത്തിനായി അദ്ദേഹം നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. 

ചിത്രത്തിന്റെ പേര് അബദ്ധത്തിൽ വെളിപ്പെടുത്തിയതായിരിക്കാമെന്നാണ് മിക്കയാളുകളും കമന്‍റ് ചെയ്യുന്നത്. എന്നാൽ, ചിത്രത്തിന്‍റെ നിർമാതാക്കളോ അണിയറപ്രവർത്തകരോ ഇതുവരെ പേര് സ്ഥിരീകരിച്ചിട്ടില്ല. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അതേസമയം, ശ്രീലങ്കയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ മോഹൻലാലിന് വമ്പിച്ച സ്വീകരണം നൽകി അധികൃതർ. ഇതിന്‍റെ വിഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 

ENGLISH SUMMARY:

Speculation is rife regarding the title of the highly anticipated Mahesh Narayanan film starring Mohanlal and Mammootty, as Sri Lanka Tourism seemingly leaked the name 'Patriate' in a Facebook post welcoming Mohanlal for the eighth shooting schedule in the country. While the official title remains unconfirmed by the filmmakers, the post mentioned Mohanlal's visit was for his new Malayalam film 'Patriate', marking his second trip to Sri Lanka for filming. The movie boasts a stellar ensemble cast including Kunchacko Boban, Nayanthara, Fahadh Faasil, and Darshana Rajendran. Mohanlal received a grand welcome in Sri Lanka, with videos of the event going viral, further intensifying the buzz around this much-awaited collaboration.