മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സ്വന്തം യൂട്യൂബ് ചാനലായ അമൃതംഗമയയിലൂടെ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവയ്ക്കുകയാണ് താരം. തമാശയായാണ് അനുഭവം പങ്കുവച്ചതെങ്കിലും പറഞ്ഞ കാര്യങ്ങള്‍ അതീവഗൗരവമുള്ളതാണ്.
വാട്സാപ്പ് വഴി താന്‍ സൈബര്‍ തട്ടിപ്പിനിരയായി എന്നാണ് അമൃത വിഡിയോയില്‍ പറയുന്നത്. 'അമ്മൂന് പറ്റിയ അബദ്ധം - WHATSAPP SCAM' എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹോദരി അഭിരാമിയും അമൃതയ്‌ക്കൊപ്പം വിഡിയോയിലുണ്ടായിരുന്നു.തട്ടിപ്പിലൂടെ 45,000 രൂപ നഷ്ടപ്പെട്ടുവെന്നും വിഡിയോയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ ഇരിക്കുന്ന സമയം, ബിന്ദു എന്നുപേരുള്ള തന്‍റെ കസിന്‍ സിസ്റ്ററിന്‍റെ മെസേജ് വന്നുവെന്നും, 45,000 രൂപ ആവശ്യപ്പെട്ടുള്ള മെസേജായിരുന്നു അതെന്നും അമൃത പറയുന്നു. സ്വന്തം യുപിഐക്ക് എന്തോ പ്രശ്നമുള്ളതിനാല്‍ മറ്റൊരു അക്കൗണ്ടിലേക്ക് ഇടണമെന്നാണ് കസിന്‍ ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ഇഎംഐ എടുക്കുന്ന ദിവസമാണെന്ന് പറഞ്ഞപ്പോള്‍ ഒരുമണിക്കൂര്‍ കൊണ്ട് തിരികെ തരാമെന്നും കസിന്‍ മെസേജ് അയച്ചതായി അമൃത കൂട്ടിച്ചേര്‍ത്തു.
മെസേജ് കണ്ടയുടനെ തട്ടിപ്പാണെന്ന് അറിയാതെ പറഞ്ഞ അക്കൗണ്ടിലേക്ക് അമൃത പണം അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയില്‍ നിന്ന് ചിരിച്ചുകൊണ്ടുള്ള സെല്‍ഫിയും. താങ്ക്യൂ എന്ന് അതിനുള്ള മറുപടിയും വന്നെന്ന് അമൃത പറയുന്നു. എന്നാല്‍ ഇതുകൊണ്ടാന്നും അവസാനിച്ചില്ല. ഉടനടി മറ്റൊരു മെസേജ് വന്നു. ഒരു 30,000 രൂപ കൂടി അയക്കാമോ എന്ന് ചോദിച്ചു. എന്റെ കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ട് ഞാന്‍ ചേച്ചിയെ വിഡിയോ കോള്‍ ചെയ്തു. അപ്പോള്‍ ചേച്ചി അത് കട്ട് ചെയ്തു. ഞാന്‍ നോര്‍മല്‍ കോളില്‍ വിളിച്ചപ്പോള്‍ ചേച്ചി എടുത്തു.
എന്നാല്‍ ഫോണെടുത്ത ചേച്ചി മറുവശത്ത് നിന്ന് ഭയങ്കര കരച്ചില്‍ ആയിരുന്നു. ചേച്ചിയുടെ വാട്സാപ്പ് ഹാക്ക് ആയെന്നും കുറേ പേര്‍ക്ക് പണം ചോദിച്ച് മെസേജ് അയച്ചു. നീ പൈസയൊന്നും അയച്ചുകൊടുക്കല്ലേ എന്നാണ് കസിന്‍ പറഞ്ഞത്. പക്ഷേ അപ്പോഴേക്ക് കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. എന്റെ ഒരു സെല്‍ഫിയും പോയി എന്ന് പറഞ്ഞാണ് അമൃത വിഡിയോ അവസാനിപ്പിച്ചത്.
തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ട ഉടന്‍ താന്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചുവെന്നും അമൃത കൂട്ടിച്ചേര്‍ത്തു. ഒപ്പം കസിന്‍റെ പരിചയത്തിലുള്ള എല്ലാവരോടും ഇക്കാര്യം പറഞ്ഞുവെന്നും ആരും പൈസ അയച്ചുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടെന്നും അമൃത വിഡിയോയില്‍ പറഞ്ഞു.
ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോഴുണ്ടാകുന്ന സൈബര്‍ തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ് സന്ദേശത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അമൃത തട്ടിപ്പിനെപ്പറ്റി പറഞ്ഞുതുടങ്ങിയത്. വൃത്തികെട്ട അനൗണ്‍സ്‌മെന്റ്, ഇതുകാരണം കോള്‍ കണക്ടാകാന്‍ എത്ര സമയമെടുക്കുന്നു എന്നെല്ലാമാണ് താന്‍ കരുതിയിരുന്നതെന്നും ഇത്രനാളും ഈ അറിയിപ്പ് താന്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ തട്ടിപ്പിന് ഇരയായ ശേഷം ചെയ്ത കോളിന് മുമ്പ് ഇത് കേട്ടപ്പോള്‍ 'ഈശ്വരാ ഇത് തന്നെയാണല്ലോ പറയണെ, മര്യാദയ്ക്ക് ശ്രദ്ധിച്ചാല്‍ മതിയായിരുന്നു' എന്ന് തോന്നിയെന്നും അമൃത പറഞ്ഞു. ഇനി അടുത്ത തവണ മുതല്‍ ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ആ അനൗണ്‍സ്‌മെന്റ് ശ്രദ്ധിച്ചുകേള്‍ക്കണമെന്നും ഇന്ന് ഞാനാണെങ്കില്‍ നാളെ നിങ്ങളാകാന്‍ സാധ്യതയുണ്ടെന്നും അമൃത മുന്നറിയിപ്പ് നല്‍കി. തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള നടപടിക്രമങ്ങളെ കുറിച്ചും അമൃത വിഡിയോയില്‍ അമൃത വിശദീകരിച്ചു.