മലയാളി പ്രേക്ഷകരെ ഇന്നും കോരിത്തരിപ്പിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് കമ്മിഷണര്‍ ചിത്രത്തിലെ ഭരത് ചന്ദ്രന്‍ ഐപിഎസ്. ആ കഥാപാത്രം തന്നില്‍ ചെലുത്തിയ സ്വാധീനം വെളിപ്പെടുത്തുകയാണ് സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്. അച്ഛന്‍ അഭിനയിച്ചതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഭരത് ചന്ദ്രനാണെന്നും അതിനു പിന്നില്‍ തന്റെ കുടുംബത്തിനു മാത്രം അറിയുന്ന ചില വ്യക്തിപരമായ കാരണങ്ങളുമാണെന്ന് മാധവ് പറഞ്ഞു. വളരെ ഇമോഷണലും വ്യക്തിപരവുമായ കാരണങ്ങളാലാണ് എനിക്ക് ആ കഥാപാത്രത്തെ ഇഷ്ടം. കമ്മിഷണർ എന്ന സിനിമയേക്കാളേറെ ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലെ ഭരത്ചന്ദ്രനെ ആണ് ഇഷ്ടം.
സിനിമയുടെ പ്രേക്ഷകരാണ് എന്റെ അച്ഛനെ ഒരു സൂപ്പർസ്റ്റാർ ആക്കിയത്. അവർ തീരുമാനിച്ചാൽ എന്നെങ്കിലും ഒരിക്കൽ ഞാൻ ഒരു സൂപ്പർ താരം ആയേക്കും. ഒരു നടൻ ആകണം എന്ന് ഞാൻ സ്വപ്നം കണ്ടിട്ടൊന്നുമില്ല, പക്ഷേ സിനിമ എന്റെ അടുത്തേക്ക് വരികയായിരുന്നു, കാരണം സുരേഷ് ഗോപി എന്ന പിതാവിന്റെ മകൻ ആയതുകൊണ്ടാണ്. എന്നെ തേടി വരുന്ന ഒരു അവസരത്തെ ബഹുമാനിക്കണം എന്നുള്ളതുകൊണ്ടാണ് അഭിനയിച്ചത്– മാധവ് സുരേഷ് പറഞ്ഞു. സുരേഷ് ഗോപി നായകനായെത്തുന്ന ജെഎസ്കെ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മാധവ് സുരേഷ്