ചാന്ത്പൊട്ട് എന്ന പേര് ട്രാൻസ് കമ്യൂണിറ്റിയെ കളിയാക്കാൻ ഉപയോഗിച്ചത് സമൂഹമാണെന്നും അത് എഴുത്തുകാരന്റെയോ സംവിധായകന്റെയോ കുഴപ്പമല്ലെന്നും തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം. സ്ത്രൈണത ഉള്ള ആളുകളെ ചേര്‍ത്തുനിര്‍ത്താന്‍ വേണ്ടിയാണ് ആ സിനിമ എഴുതിയതെന്നും ഉദ്ദേശിച്ച രീതിയില്‍ നിന്നും മാറിപ്പോയതില്‍ തനിക്ക് ദുഖമുണ്ടെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ബെന്നി പി.നായരമ്പലം പറഞ്ഞു.
'കാലഘട്ടത്തിന് അനുസരിച്ച് നമ്മൾ മാറിയെ പറ്റു. ചാന്ത്പൊട്ട് സിനിമ വേദനിപ്പിച്ചുവെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നുണ്ടല്ലോ. ബോഡി ഷെയ്മിങ് നടത്തുന്നത് ശരിയല്ലെന്ന അഭിപ്രായം എനിക്കുണ്ട്. പണ്ട് ഞാനും അത്തരത്തിലുള്ള ഡയലോഗുകൾ എന്റെ സിനിമകളിൽ എഴുതിയിട്ടുണ്ട്. അന്ന് ബോഡി ഷെയ്മിങ് ഒരു വിഷയമായിരുന്നില്ലെന്നത് കൊണ്ടാണ് എഴുതിയത്. തടിയുള്ള ആളുകളെ വച്ച് അന്ന് കോമഡി സീനും ചിത്രീകരിച്ചിരുന്നു. പക്ഷെ മാറിയ ഈ കാലഘട്ടത്തിൽ ഡയലോഗ് എഴുതുമ്പോൾ ബോഡി ഷെയ്മിങ് വരാതിരിക്കാനുള്ള ശ്രദ്ധ എല്ലാ എഴുത്തുകാർക്കും വേണം. തിരിച്ചറിവുകൾ ഉൾക്കൊള്ളണം. കുഞ്ഞിക്കൂനന്റെ മെയിൻ തീം തന്നെ ഇതായിരുന്നു. ആ സിനിമയിൽ കോമഡി സീനുകളുണ്ടെങ്കിലും അതിന്റെ കണ്ടന്റ് ഒരാളുടെ ബാഹ്യരൂപമല്ല അവന്റെ നന്മ അവന്റെ പ്രവൃത്തിയാണ് അതിനാൽ അവഗണിക്കേണ്ടതില്ല എന്നത് തന്നെയാണ്. സൗന്ദര്യം ആപേക്ഷികമാണല്ലോ.
ചാന്ത്പൊട്ട് എന്നുള്ള പേര് ട്രാൻസ് കമ്യൂണിറ്റിയെ വിളിക്കാൻ തുടങ്ങി. അവിടം മുതലാണ് അവർക്ക് ആ സിനിമ വേദനയാകാൻ തുടങ്ങിയത്. അതിന് മുമ്പും വേറെ മോശം പേരുകളാണ് ട്രാൻസ് കമ്യൂണിറ്റിയെ വിളിക്കാൻ ആളുകൾ ഉപയോഗിച്ചിരുന്നത്. അത്ഭുതവിളക്ക് എന്നാണ് സിനിമയ്ക്ക് ആദ്യം പേരിട്ടിരുന്നത്. അപ്പോഴാണ് വിനയന്റെ അത്ഭുതദ്വീപെന്ന സിനിമ വരുന്നത്. അങ്ങനെ മാറ്റാൻ തീരുമാനിച്ചു. പിന്നീട് ആലോചിച്ചപ്പോഴാണ് ചാന്ത്പൊട്ട് ഇട്ടത്. സൺസെറ്റ്, ഫെമിനയിൻ ടച്ചുള്ള പേര് എന്ന് മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളു. അത് ഇത്തരത്തിലുള്ള ആളുകളെ ആക്ഷേപിക്കാൻ ഉപയോഗിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ആ സിനിമയുടെ കണ്ടന്റ് ട്രാൻസ്ജെന്ററുമായി ബന്ധപ്പെട്ടതല്ല. ഒരു ആൺകുട്ടിയെ പെൺകുട്ടിയെപ്പോലെ വളർത്തുന്നു, ഡാൻസ് പഠിപ്പിക്കുന്നു. അത് മൂലം അവനിലുണ്ടാകുന്ന സ്ത്രൈണത അവന് ദുരന്തമാകുന്നു. അതായിരുന്നു അതിന്റെ ത്രെഡ്. മാത്രമല്ല നായകന് കുഞ്ഞ് ജനിക്കുന്നുണ്ട്. സ്ത്രൈണത ഉള്ള ഡാൻസ് മാസ്റ്റേഴ്സ് നമുക്കിടയിലില്ലേ. അവർ വിവാഹം കഴിച്ച് മക്കളുമായി കുടുംബമായി കഴിയുന്നവരാണ്.
ചാന്ത്പൊട്ട് എന്ന പേര് ട്രാൻസ് കമ്യൂണിറ്റിയെ കളിയാക്കാൻ ഉപയോഗിച്ചത് സമൂഹമാണ്. അത് എഴുത്തുകാരന്റെയോ സംവിധായകന്റെയോ കുഴപ്പമല്ല. അവരെ ചേർത്ത് നിർത്താൻ വേണ്ടി ഞാൻ എഴുതിയ സിനിമയാണ്. എന്റെ കൂട്ടുകാരന്റെ അനുഭവമാണ് ആ സിനിമയുടെ കഥ. സ്ത്രൈണത കാരണം അവൻ ഒരുപാട് അനുഭവിച്ചിരുന്നു. ഭ്രാന്തൻ വരെയാക്കി. സിനിമയുടെ റിലീസിനുശേഷം തുടക്കത്തിൽ ചിലർ പോസിറ്റീവ് കമന്റുകൾ എഴുതി എനിക്ക് കത്ത് അയച്ചിരുന്നു. കാരണം അവരും സ്ത്രൈണതയുടെ പേരിൽ ഇത്തരം അനുഭവങ്ങൾ നേരിട്ടിട്ടുള്ളവരാണ്. ഉദ്ദേശിച്ച ട്രാക്കില്‍ നിന്നും മാറിയതില്‍ ദുഖമുണ്ട്,' ബെന്നി പി.നായരമ്പലം പറഞ്ഞു.