basil-joesph-new-photo

സോഷ്യല്‍മീഡിയയില്‍ എപ്പോഴും വൈറലാകാറുള്ള താരമാണ് ബേസില്‍ ജോസഫ്. സ്വന്തം അക്കൗണ്ടിൽ അധികം പോസ്റ്റുകളൊന്നും ഇടാറില്ലെങ്കിലും ട്രോളുകളും തമാശകളുമായി താരം സോഷ്യല്‍മീഡിയയില്‍ എപ്പോഴും സജീവമാണ്. ഇപ്പോഴിതാ, തന്‍റെ പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി വൈറലായിരിക്കുകയാണ് താരം. 

കഴിഞ്ഞ ദിവസമാണ് 'അശ്വമേധം' എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ഒമ്പതാം ക്ലാസുകാരനായ ബേസിലിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. ട്രോള്‍ പേജുകളിലടക്കം നിമിഷനേരം കൊണ്ട് 'കുട്ടി ബേസില്‍' വൈറല്‍. ഈ വിഡിയോ കാര്യം ടൊവിനോ അറിഞ്ഞോ എന്നായിരുന്നു മിക്കയാളുകളുടെയും കമന്‍റ്. അതിന് മറുപടിയായാണ് ഇതിലൊന്നും തളരില്ലെന്ന് കാണിച്ച് കുട്ടിക്കാലത്തെ മറ്റൊരു ഫോട്ടോ ബേസില്‍ പങ്കുവച്ചത്. 'അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്' എന്ന അടിക്കുറിപ്പോടെയാണ് കൈയിൽ ഒരു ഗിറ്റാറും പിടിച്ച് നിൽക്കുന്ന കുട്ടിക്കാലത്തെ ഫോട്ടോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഈ പോസ്റ്റും നിമിഷങ്ങൾക്കകം വൈറലായി. നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്. ടൊവിനോ തോമസിന്റെ ഔദ്യോഗിക പേജിലേക്ക് നിരവധി പേർ ബേസിലിന്റെ ഈ പോസ്റ്റ് ടാഗ് ചെയ്യുകയും ചെയ്തു. ഒടുവിൽ, ആരാധകരുടെ ആഗ്രഹങ്ങൾക്കൊത്ത് ടൊവിനോയും കമന്റ് ബോക്സിലെത്തി. 'സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?' എന്നായിരുന്നു ടൊവിനോയുടെ രസകരമായ മറുപടി. ഇത് ആരാധകർക്കിടയിൽ വീണ്ടും ചിരി പടർത്തി.

നടൻ സിജു സണ്ണിയും കമന്റുമായി എത്തി. 'അപ്പൊ ഒരു പാട്ട് കൂടി വരാൻ ഉണ്ടെന്ന് മനസ്സിലായി. കൊച്ചു ടീവീൽ ആണോ?' എന്നായിരുന്നു സിജുവിന്റെ ചോദ്യം. ഇതിനു താഴെയും രസകരമായ നിരവധി കമന്റുകളാണ് നിറയുന്നത്. ‘ടോവിനോക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി. ബേസിലെ, നീ തീര്‍ന്നെടാ’, ‘ഇനി ബേസില്‍ കുറച്ചുനാള്‍ ബഹിരാകാശത്തു ആണ് താമസം’, ‘ലെ ടിനോവ: മുടിയില്‍ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോടാ ബേസിലേ’, ‘ഇതിന് പിന്നില്‍ ടിനോവയുടെ കറുത്ത കൈകള്‍ ആണോ എന്ന് ഒരു സംശയം’ 'സകലകലാ വല്ലഭൻ' എന്നിങ്ങനെയാണ് വിഡിയോക്ക് താഴെ എത്തുന്ന ചില കമന്റുകള്‍.

ENGLISH SUMMARY:

Filmmaker Basil Joseph sets social media abuzz with a childhood photo, humorously captioned “Not just Ashwamedham, I had some musical skills too.” The post was a witty response to a viral clip from the show Ashwamedham, featuring him as a 9th-grade student. Actor Tovino Thomas and Siju Sunny joined in with funny comments, making the post even more engaging for fans.